തിരുവനന്തപുരം: കിടക്കയില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചു പോയാല്‍ പൊതിരെ തല്ലി ചട്ടം പഠിപ്പിക്കുന്നവരെ അമ്മമാരെന്നു വിളിച്ചാലും ഇല്ലെങ്കിലും കേരള ഗവണ്മെന്റ് അവരെ വിളിച്ചിരുന്നത് ആയമാരെന്ന്. എന്നു മാത്രമല്ല അവരോടു വിട്ടുവീഴ്ചയില്ലാത്ത കരുതലുമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ചട്ടം പഠിപ്പിക്കല്‍ അതിരുകടന്നപ്പോള്‍ പണിയില്‍ നിന്നു പിരിച്ചുവിട്ട ആറ് ആയമാരെ തിരിച്ചെടുക്കാന്‍ ഉത്തരവിറങ്ങിയിരിക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ കേരള മനസാക്ഷിയാകെ ഞെട്ടിപ്പോയ സംഭവമായിരുന്നു തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ബാലികമാരെ പാര്‍പ്പിച്ചിരുന്നിടത്ത് രണ്ടരവയസുള്ള ഒരു കുട്ടിക്കേറ്റ ഭീകര ദേഹോപദ്രവം. കിടക്കയില്‍ മൂത്രമൊഴിച്ചു പോയതിന് ബാലികയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ നുള്ളിയതിന്റെ അടയാളങ്ങളാണുണ്ടായിരുന്നത്. പതിവായി കുട്ടികളെ കുളിപ്പിക്കുന്ന ആയമാര്‍ക്കു പകരം മറ്റൊരാള്‍ കുളിപ്പിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും. അതേ തുടര്‍ന്ന് മൂന്ന് ആയമാര്‍ പോക്സോ കേസില്‍ അറസ്റ്റിലാകുകയും വേറെ ആറുപേരെ പുറത്താക്കുകയും ചെയ്തു.
താല്‍ക്കാലികമായി ജനരോഷം ശമിപ്പിക്കാന്‍ ഈ നടപടി മതിയായെങ്കിലും ആയമാരോടുള്ള കരുതല്‍ കുറവില്ലാതെ തുടര്‍ന്നു. കേസില്‍ ഉള്‍പ്പെടാതിരുന്ന ആറുപേരെയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അന്നു മുതല്‍ ശ്രമം നടക്കുകയായിരുന്നു. അത്ര ശക്തമായിരുന്നു ഭരണപക്ഷത്തു നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം. ഏതായാലും കരുതല്‍ തന്നെ അവസാനം വിജയിച്ചു. ആറു പേരും സര്‍വീസില്‍ തിരികെ പ്രവേശിച്ചു.
കിടക്ക നനച്ച കുഞ്ഞിനെ ‘തക്കയിടത്ത്’ ശിക്ഷിച്ച പോറ്റമ്മയ്ക്കും കിട്ടും കരുതല്‍
