വെല്ലിംഗ്ടണ്‍: ന്യൂസീലാന്‍ഡില്‍ എന്‍ട്രാഡ ട്രാവല്‍ ഗ്രൂപ്പിന്റെ ബസില്‍ കയറാന്‍ വലിയൊരു സ്യൂട്ട്‌കേസുമായി വന്ന യുവതി ആര്‍ക്കുമൊരു സംശയവും ജനിപ്പിച്ചതേയില്ല. എന്നാല്‍ അല്പ നേരം കഴിഞ്ഞപ്പോള്‍ അവരായി കേന്ദ്രകഥാപാത്രം. സ്യൂട്ട്‌കേസിനുള്ളിലുണ്ടായിരുന്നത് രണ്ടു വയസു മാത്രം പ്രായമുള്ളൊരു പെണ്‍കുഞ്ഞ്.
കുട്ടിയുടെ രക്ഷയ്ക്ക് കാരണമായത് ബസ് ഡ്രൈവറുടെ ചെറിയൊരു സംശയം. ന്യൂസിലന്‍ഡിലെ നാഷണല്‍ ബസ് സര്‍വീസ് ഇന്റര്‍സിറ്റിയുടെ ഓപ്പറേറ്റര്‍മാരായ എന്‍ട്രാഡയുടെ ബസുകളിലൊന്നിലാണ് സംഭവം. നോര്‍ത്ത്‌ലാന്റ് റീജനിലെ കൈവക ടൗണിലെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ മറ്റൊരു യാത്രക്കാരന്‍ തന്റെ ലഗേജ് കമ്പാര്‍ട്ടുമെന്റിലേക്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നോക്കിയപ്പോഴാണ് യുവതിയുടെ സ്യൂട്‌കേസ് അനങ്ങുന്നു. മറ്റു യാത്രക്കാര്‍ ഇതു ശ്രദ്ധിച്ചില്ലെങ്കിലും ഡ്രൈവര്‍ ശ്രദ്ധിക്കുക തന്നെ ചെയ്തു.
ഇതോടെ ഡ്രൈവര്‍ അവര്‍ക്കരികിലെത്തുകയും സ്യൂട്ട്‌കേസ് തുറക്കാനാവശ്യപ്പെടുകയുമായിരുന്നു. തുറന്നപ്പോഴാകട്ടെ ഉള്ളില്‍ മടക്കിക്കൂട്ടി ഇരുത്തിയ നിലയില്‍ ഒരു പെണ്‍കുട്ടി. ഉടന്‍ ബസ് ജീവനക്കാര്‍ സംഭവം പോലീസില്‍ അറിയിക്കുകയും അവര്‍ സ്ഥലത്ത് കുതിച്ചെത്തുകയും ചെയ്തു. കുട്ടിയോടു മോശമായി പെരുമാറിയതിന് ഇരുപത്തേഴു വയസുള്ള യുവതി അറസ്റ്റിലാണിപ്പോള്‍എന്നാല്‍ കുട്ടിക്ക് നിലവില്‍ പരിക്കുകളൊന്നുമില്ലയെന്നും കുട്ടിയെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
സ്ത്രീയും കുട്ടിയും തമ്മിലുളള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു വയസുവരെയുളള കുട്ടികള്‍ക്ക് ന്യൂസീലാന്‍ഡിലെങ്ങും ബസുകളില്‍ ടിക്കറ്റ് ആവശ്യമില്ല. കുട്ടിക്ക് സൗജന്യ യാത്ര അനുവദനീയമാണെന്നിരിക്കെ എന്തുകൊണ്ടാണ് കുട്ടിയെ സ്യൂട്‌കേസില്‍ അടച്ച് യാത്ര നടത്തിയെതെന്നതിലാണ് ദുരൂഹത. അറസ്റ്റിലായ യുവതിയുടെ പേരോ, കുഞ്ഞ് എത്ര നേരം ബാഗിനുളളില്‍ ഉണ്ടായിരുന്നെന്നോ ബസ് ഏതൊക്കെ നഗരങ്ങള്‍ക്കിടയിലൂടെയാണ് സഞ്ചരിച്ചതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു
പെട്ടിയില്‍ കുട്ടി, ഒപ്പമുള്ള യുവതി അറസ്റ്റില്‍
