അമ്പോ, എത്ര വലിയ മുതലാളിമാര്‍, ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ആസ്തി അറിയണ്ടേ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോടിപതിമാരായ മുഖ്യമന്ത്രിമാര്‍ പലരുണ്ട്, കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഉള്‍പ്പെടെ. സ്വതന്ത്ര സംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ടറല്‍ വാച്ച് എന്നിവര്‍ പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ അതിസമ്പന്നനായ മുഖ്യമന്ത്രി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ്. ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 931 കോടിയാണ്. ഇതില്‍ 810 കോടി രൂപയിലധികം മൂല്യം വരുന്നത് വാഹനങ്ങള്‍, സ്വര്‍ണം, പണം എന്നിവ മുഖേനയാണ്. വീടുകള്‍, സ്ഥലങ്ങള്‍ എന്നിവയുടെ മൂല്യം 121 കോടിയിലധികവും.
ഇരുപത്തേഴ് സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിലവിലുള്ള മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളെ ആസ്പദമാക്കിയാണ് ഈ കണക്കിലെത്തിയിരിക്കുന്നത്.
ബിജെപിയെ പ്രതിനിധീകരിക്കുന്ന അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് അതിസമ്പന്ന മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു വരുന്നത്. മൊത്തം 332 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. വാഹനങ്ങള്‍, സ്വര്‍ണം, പണം എന്നിവയ്ക്ക് 165 കോടി രൂപയും വീടുകള്‍, സ്ഥലങ്ങള്‍ എന്നിവയ്ക്ക് 167 കാടി രൂപയുടെ മൂല്യവുമാണ് ഇദ്ദേഹത്തിനുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തു വരുന്നത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. ആകെ 51 കോടി രൂപയുടെ ആസ്തികള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി. ആകെ 15.38 ലക്ഷം രൂപയുടെ ആസ്തി മാത്രമാണ് ദീദിക്കുള്ളത്. കുറഞ്ഞ ആസ്തിയുടെ കാര്യത്തില്‍ മമത കഴിഞ്ഞാല്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വരും. ആകെ 55.24 ലക്ഷം രൂപയുടെ ആസ്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടി രൂപയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.