ബെംഗളൂരു: കുട്ടികള്‍ കളിത്തോക്കെടുക്കുന്നതും തോക്കെടുത്തു കളിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാതെ പോയാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. ഏഴുവയസുള്ളൊരു കുട്ടി കളിക്കാനെടുത്തത് ലോഡ് ചെയ്തു വച്ചിരുന്ന എയര്‍ഗണ്‍. അബദ്ധത്തില്‍ കൈയമര്‍ന്നത് ട്രിഗറില്‍. ഫലമോ ഒപ്പം കളിക്കുകയായിരുന്ന ഒമ്പതു വയസുള്ള സഹോദരന്‍ വെടിയേറ്റു രൊക്കം മരിച്ചുവീണു. തോട്ടത്തില്‍ കുരങ്ങുകളെ ഓടിക്കാന്‍ വച്ചിരുന്ന തോക്കാണ് കുട്ടികളുടെ കൈവശം എത്തിച്ചേര്‍ന്നത്.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ സിര്‍സിക്കു സമീപമുള്ള ഒരു ഫാമിലാണ് കുട്ടിക്കളി മാരകമായിത്തീര്‍ന്നത്. ഫാമിലെ കൂലിപ്പണിക്കാരന്റെ മകനാണ് മരിച്ച കരിയപ്പ ബസപ്പ. ഫാമിന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍ ജോലിക്കുവച്ചിരുന്ന നിതീഷ് ഗൗഡയാണ് തോക്കു സൂക്ഷിക്കേണ്ടതെങ്കിലും അയാള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയായിരുന്നു.
മരിച്ച കുട്ടിയുടെ അമ്മ പവിത്രയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫാം ഉടമയായ രാഘവ ഹെഗ്‌ഡേക്കും നടത്തിപ്പുകാരന്‍ നിതീഷ് ഗൗഡയ്ക്കുമെതിരേയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.കൊലപാതകക്കുറ്റവും ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിനുള്ള കുറ്റവുമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.
ചേട്ടനും അനുജനും കുട്ടിക്കളിക്കു തോക്കെടുത്തു, പൊലിഞ്ഞത് ചേട്ടന്റെ ജീവന്‍
