സാലഡില്‍ ചിക്കന്‍, അടിപൊളി കോംബിനേഷന്‍

സാലഡ് എന്നു കേള്‍ക്കുമ്പോഴേ മനസില്‍ വരുന്നതെന്താണ്. കുറച്ചു കുക്കുംബര്‍, കുറച്ച് തക്കാളി, കുറച്ച് കാരറ്റ്, കുറച്ച് സവാള പിന്നെ മേമ്പടിയായി കുറച്ച് ഇലകള്‍ നുള്ളിയതും. പുറമെ തൂളാന്‍ ഉപ്പും കുരുമുളകുപൊടിയും. ഇത്രയുമായാല്‍ സാലഡായി എന്ന സങ്കല്‍പം അങ്ങു വാങ്ങിവച്ചേക്കൂ. (സോറി, വാങ്ങി വയ്ക്കാന്‍ സാലഡ് ആരാ അടുപ്പില്‍ വയ്ക്കുന്നത്) അതുകൊണ്ടു മാറ്റി വച്ചേക്കൂ. മറ്റേതു സാലഡിലും കിടിലമാണ് ചിക്കന്‍ സാലഡ് എന്ന് ഒരിക്കല്‍ കഴിച്ച ആരും പറയും. രുചി മാത്രമല്ല, ഇതിന്റെ മെച്ചങ്ങളും അനവധിയാണ്.
ഏറ്റവും വലിയ മെച്ചം ഇതില്‍ പ്രോട്ടീന്‍ അധികവും കൊഴുപ്പ് തീരെ കുറവും ആണെന്നതാണ്. പച്ചക്കറി സാലഡ് കഴിക്കുമ്പോള്‍ പെട്ടെന്ന് ഫുള്ളായെന്നു വയറ് സന്ദേശം തന്നേക്കും. എന്നാല്‍ നോക്കി നില്‍ക്കുന്ന സമയം കൊണ്ട് അകത്തു ചെന്നതൊക്കെ ആവിയായി പോകുകയും ചെയ്യും. ചിക്കന്‍ സാലഡിന്റെ കാര്യം അങ്ങനെയല്ല, നല്ല മൈലേജാണ്. അവനങ്ങനെ അവിടെത്തന്നെ കിടക്കും, കുറേയധികം സമയം. അതായത് അടുത്ത ഭക്ഷണത്തിലേക്കുള്ള ദൂരം കൂട്ടിയെടുക്കാം. രുചികരമായ ഏതാനും ചിക്കന്‍ സാലഡ് പരിചയപ്പെട്ടാലോ.

ക്ലാസിക് ഗ്രില്‍ഡ് ചിക്കന്‍ സാലഡ്

ലെറ്റിയൂസ്, ചെറി ടൊമാറ്റോ, സാലഡ് കുക്കുംബര്‍, സവാള എന്നിവയ്‌ക്കൊപ്പം ഗ്രില്‍ ചെയ്‌തെടുത്ത ചിക്കനും കൂടി ടോസ് ചെയ്തു തയ്യാറാക്കുന്ന സാലഡാണിത്. ഇതിലേക്ക് രണ്ടു ചെറുനാരങ്ങ കൂടി പിഴിഞ്ഞൊഴിച്ച് ഇത്തിരി കുരുമുളകുപൊടിയും തൂളി ഒന്നു പിടിച്ചു നോക്കൂ, ഇതു പിന്നെ വീക്കനസാകാന്‍ വലിയ താമസം വരില്ല.

ഗ്രീക്ക് ചിക്കന്‍ സാലഡ്

വളരെ മിതത്വമുള്ള രുചികള്‍, അഥവാ മെഡിറ്ററേനിയന്‍ രുചികള്‍, കൊണ്ടു സ്വാദിഷ്ടമാണിത്. വെള്ളത്തിലിട്ടു വേവിച്ച ശേഷം കൊത്തിയരിഞ്ഞ ചിക്കനിലേക്ക് കക്കരി, തക്കാളി, പുതിന, സ്പ്രിംഗ് ഒനിയന്‍ എന്നിവ അരിഞ്ഞു ചേര്‍ത്തു തയാറാക്കുന്നതാണ് ഗ്രീക്ക് ചിക്കന്‍ സാലഡ്

അവൊക്കാഡോ ചിക്കന്‍ സാലഡ്

വെള്ളത്തിലിട്ടു വേവിച്ച ചിക്കന്‍ നാരുനാരായി പിച്ചിയെടുത്ത ശേഷം സെലറിയും ഇഷ്ടാനുസരണമുള്ള പച്ചിലകളും കാബേജും ചേര്‍ത്ത് തിരുമ്മിയെടുക്കുക. അതിലേക്ക് അവൊക്കാഡോ അരിഞ്ഞതും കൂടി ചേര്‍ക്കുമ്പോള്‍ സാലഡ് റെഡി. നാരങ്ങനീരും കുരുമുളകും കൂടി ചേര്‍ത്താണിതു കഴിക്കേണ്ടത്.

ഏഷ്യന്‍ സ്‌റ്റൈല്‍ ചിക്കന്‍ സാലഡ്

വെള്ളത്തില്‍ വേവിച്ച ചിക്കന്‍ ചെറുതായൊന്നു മിന്‍സ് ചെയ്‌തെടുക്കുക. അതിലേക്ക് കാരറ്റ്, കാബേജ്, കാപ്‌സിക്കം, എന്നിവയും ഇഷ്ടാനുസരണമുള്ള പച്ചിലകളും ചേര്‍ത്ത് തയ്യാറാക്കാം. ഇതിനൊപ്പവും കുരുമുളകു പൊടി മസ്റ്റാണ്.

സാലഡിനൊപ്പം ഉപ്പ് എത്രമാത്രം ചേര്‍ക്കണമെന്നു പലര്‍ക്കും സംശയമുണ്ടാകാറുണ്ട്. അതിന് ഉത്തരം ഒരു മറുചോദ്യമാണ്. ഉപ്പ് വേണമെന്നാരു പറഞ്ഞു. മനുഷ്യ ശരീരത്തിന് ഒരു ദിവസം ആറു ഗ്രാം ഉപ്പ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. അതിലധികം എത്ര ഉപ്പ് കഴിച്ചാലും ശരീരത്തിനു ദോഷമാണ്. സോഡിയം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത്. നല്ലൊരു മീന്‍ കറി കഴിച്ചാല്‍ അതിനൊപ്പം തന്നെ ആറു ഗ്രാം ഉപ്പ് ശരീരത്തില്‍ ചെല്ലാന്‍ സാധ്യതയുണ്ട്. പിന്നെ സാലഡിനൊപ്പം ഉപ്പ് എന്നു ചിന്തിക്കാതിരിക്കുകയാണ് നല്ലത്. പകരം ഓരോ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചോളൂ. സംഗതി സൂപ്പറായിരിക്കും.