രാവിലെ ഏഴിനു ബെംഗളൂരുവെങ്കില്‍ പത്തിനു ചെന്നൈയില്‍. വരുന്നതു വലിയൊരു മാറ്റം

ചെന്നൈ: ദക്ഷിണേന്ത്യയിലെ മെട്രോ നഗരങ്ങളായും ചെന്നൈയും ബെംഗളൂരുവും ഇനി വെറും മൂന്നു മണിക്കൂറിന് അപ്പുറം ഇപ്പുറമായി മാറാന്‍ പോകുന്നു. ഇരു നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ പാതയുടെ നിര്‍മാണം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് ഏറക്കുറേ ഉറപ്പായിരിക്കുന്നു. ആരംഭത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ പാത യാഥാര്‍ഥ്യമാകുന്നതോടെ രണ്ടു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെറും മൂന്നു മണിക്കൂറായി കുറയും. അതായത് രാവിലെ ഏഴിന് ബെംഗളൂരുവില്‍ നിന്നിറങ്ങിയാല്‍ പത്തിന് ചെന്നൈയിലെത്താന്‍ സാധിക്കുമെന്നര്‍ഥം.
264 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത 15188 കോടി രൂപ മുടക്കിയാണ് പണിതീര്‍ക്കുന്നത്. യഥാര്‍ഥത്തില്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുപ്പു മുതല്‍ കുറേയേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടായിരുന്നു. അവയൊക്കെ പരിഹരിച്ച് റോഡിന്റെ നൂറു കിലോമീറ്റര്‍ ദൂരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വേഗത്തില്‍ പണികള്‍ നടന്നാള്‍ 90 ശതമാനം ഭാഗത്തെയും നിര്‍മാണം ജനുവരിയോടെ പൂര്‍ത്തിയാകും. ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണം കൂടി മാര്‍ച്ചിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയക്രമമാണിപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്.