നിവിന്‍ പോളി കേസ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചനാകേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആക്ഷന്‍ ഹീറോ ബിജു എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാവ് പി എസ് ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പോലീസ് എടുത്ത കേസാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം നിര്‍മിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ട ശേഷം അതിന്റെ പകര്‍പ്പവകാശത്തിന്റെ ഉടമസ്ഥത കൈമാറിയതായിരുന്നു കേസിന് അടിസ്ഥാനം. ഇപ്രകാരം കൈമാറ്റം ചെയ്യുന്ന വിവരം നിര്‍മാതാവില്‍ നിന്നു മറച്ചുവച്ചുവെന്നും അനുമതി തേടിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ഉടമയാണ് ഷംനാസ്.
ഫിലിം ചേംബറില്‍ ഷംനാസിന്റെ പേരിലാണ് ആക്ഷന്‍ ഹീറോ ബിജു 2 രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍ ഏതു തുടര്‍നടപടിയും അദ്ദേഹത്തിന്റെ അറിവോടും അനുമതിയോടും കൂടി വേണമായിരുന്നു. ഷംനാസും നിവിന്‍ പോളിയും സംയുക്തമായി നിര്‍മിച്ചതും നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിച്ചതുമായ മഹാവീര്യര്‍ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആക്ഷന്‍ ഹീറോ ബിജു2 ന്റെ നിര്‍മാണം ഷംനാസിനു നല്‍കിയിരുന്നത്.