പണി തരാന്‍ വന്നയാളെ എയറിലാക്കി ചാറ്റ് ജിപിടി പെണ്ണ്, ആണിന് വിവേകം കുറവ്

സിഡ്‌നി: ചാറ്റ് ജിപിടിക്കു പണികൊടുക്കാനായിരുന്നു ഒരു അമേരിക്കന്‍ യുവാവിന്റെ ശ്രമം. പക്ഷേ, കറങ്ങിത്തിരിഞ്ഞു വന്നപ്പോള്‍ അതും ചാറ്റ് ജിപിടിക്കു മൈലേജ് കൊടുക്കുന്ന കാര്യം തന്നെയായി മാറി. ഇതു ചാറ്റ് ജിപിടിയിലെ പെണ്‍മൊഴിയുടെ കാര്യം. എന്നാല്‍ ഇതേ ചോദ്യം ചാറ്റ് ജിപിടിയിലെ ആണ്‍മൊഴിയോടു ചോദിച്ചു. ഇഷ്ടന്‍ ആദ്യം ഒരു കെണിയിലേക്കു വച്ചെങ്കിലും ഉടന്‍ വലിച്ചെടുക്കുകയും ചെയ്തു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുന്നത് 7 ന്യൂസ് ഓസ്‌ട്രേലിയ.
ഇനി കഥയിലേക്ക്. ഒരു യുവാവ് ചാറ്റ് ജിപിടിയുമായി സംസാരത്തിലാണ്. ഉച്ചാരണം കൊണ്ട് അമേരിക്കനാണെന്നു വ്യക്തം. ഒന്നു മുതല്‍ പത്തു ലക്ഷം വരെ എണ്ണാമോ എന്നാണ് ചോദ്യം. പെണ്‍മൊഴി ഓരോരോ ഒഴികഴിവുകള്‍ പറയുന്നു. തീര്‍ച്ചയായും എനിക്ക് എണ്ണാന്‍ പറ്റും. പക്ഷേ, അതു സമയം കൂടുതലെടുക്കും തുടങ്ങിയ മറുപടികളുമായി പെണ്‍സ്വരം ഒഴിഞ്ഞു മാറുന്നു. കേട്ടുകൊണ്ടിരിക്കാന്‍ തനിക്കൊരു മടിയുമില്ല, വേറെ പണിയൊന്നുമില്ല, ഭക്ഷണം പോലും ആവശ്യമില്ല എന്നൊക്കെ യുവാവ് പറയുന്നു. ഓരോന്നിനും തക്കയോഗ്യം പോലെ മറുപടി പറഞ്ഞ് ചാറ്റ്ജിപിടിയിലെ പെണ്ണ് തലയൂരി നില്‍ക്കുന്നു. അവസാനം അയാള്‍ പറയുന്നു, താന്‍ ഒരാളെ കൊന്നിട്ടു വന്നിരിക്കുകയാണ്, അതിന്റെ മനോവേദന മാറ്റാനാണ് എണ്ണല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന്. അപ്പോള്‍ അവസാനത്തെ അടവ് തന്നെ പെണ്ണെടുത്തു. നിയമവിരുദ്ധമായ കാര്യങ്ങളില്‍ സഹായിക്കുക തന്റെ പണിയല്ലെന്ന്. ചാറ്റ് ജിപിടിക്ക് എല്ലാം പറ്റുമെന്നു പറയുന്നതു ശരിയല്ലെന്നതിനു തെളിവായി ഈ സംഭവം പെട്ടെന്നു വൈറലായി. എന്നാല്‍ അതിനെക്കാള്‍ വേഗത്തില്‍ ഇക്കാര്യം പോലും ചാറ്റ് ജിപിടിക്ക് അനുകൂലമായി മാറുന്നതാണ് പിന്നെ കണ്ടത്. വെറുതെ യാന്ത്രികമായി എന്തെങ്കിലും പറഞ്ഞു പോകുകയല്ല, വളരെ യുക്തിസഹമായി ഇടപെടാനാണ് ചാറ്റ് ജിപിടിക്കു കഴിയുന്നത് എന്ന പേരിലായി പിന്നീട് സംഭവത്തിനു വന്ന പ്രചാരം.
പെണ്‍ ചാറ്റ് ജിപിടിയെക്കാള്‍ ആണിനാണ് വിവേകം കുറവെന്നു കാണിക്കുന്ന മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്. അതിലും ഒരാള്‍ ഒന്നു മുതല്‍ പത്തുലക്ഷം മുതല്‍ എണ്ണാന്‍ ആവശ്യപ്പെടുന്നു. ആദ്യത്തെ ആവേശത്തില്‍ ചാറ്റ് ജിപിടിയിലെ ആണ്‍ ശബ്ദം എണ്ണാന്‍ തുടങ്ങുന്നു. ആറു വരെ എണ്ണിയപ്പോഴാണ് കളം കൈവിട്ടു പോകുമെന്നു മനസിലാകുന്നത്. ഉടന്‍ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്യുന്നു.
എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് സെവന്‍ ന്യൂസിലെ ഒരു അവതാരകന്‍ തരുന്നത്. തനിച്ച് സംസാരിച്ചുകൊണ്ടേയിരിക്കാന്‍ ചാറ്റ് ജിപിടി ഉദ്ദേശിക്കുന്നില്ല എന്നതാണ് ഇതിനു കാരണം. സാധാരണയായി പതിനഞ്ചു സെക്കന്‍ഡോ അതില്‍ താഴെയോ ആയിരിക്കും ഇതിന്റെ ഓരോ സംഭാഷണവും. അതിനിടയില്‍ അടുത്ത ചോദ്യം മറുതലയ്ക്കല്‍ നിന്നു വന്നാല്‍ മാത്രമാണ് സംഭാഷണം മുന്നോട്ടു പോകുന്നത്. അതിനു സാധിക്കാതെ വന്നപ്പോഴാണ് ആണ്‍ ചാറ്റ് ജിപിടി പരിപാടി അവസാനിപ്പിക്കുന്നത്.