തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ അളക്കാനെടുത്ത അതേ നാഴി തന്നെ ഉപയോഗിച്ചാല്‍ ഇനി കടകംപള്ളി സുരേന്ദ്രനും കുടുങ്ങും. സ്ത്രീകളോട് മാന്യതയില്ലാതെ ഫോണില്‍ ഇടപഴകി എന്ന പേരില്‍ കടകംപള്ളിക്കെതിരേ കോണ്‍ഗ്രസ് നേതാവ് പോലീസില്‍ പരാതിയുമായെത്തി. സംസ്ഥാന പോലീസ് മേധാവിക്കാണ് കോണ്‍ഗ്രസ് നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം മുനീര്‍ പരാതി നല്‍കിയിരിക്കുന്നത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് അക്കാലത്ത് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് ഫോണില്‍ മാന്യതയില്ലാത്തതും ലൈംഗിക സൂചനകളുള്ളതുമായ നിരവധി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അവ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് മുനീറിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതേ സ്വഭാവത്തിലുള്ള ആരോപണങ്ങളില്‍ പോലീസ് സ്വമേധയാ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ അയച്ചതായി കരുതപ്പെടുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും മറ്റും കഴിഞ്ഞയാഴ്ച പ്രചരിച്ചിരുന്നതാണ്. പരാതിയുമായി ആരും വന്നില്ലെങ്കിലും ഈ സ്ക്രീന്‍ ഷോട്ടുകളുടെ പേരില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയാണ് ചെയ്തത്. എന്നാല്‍ കടകംപള്ളിയുടെ കാര്യത്തില്‍ സ്വപ്ന സുരേഷ് നേരിട്ടു രംഗത്തു വരികയും മോശം പെരുമാറ്റം സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തില്‍ മുനീറിന്റെ പരാതിയില്‍ പോലീസ് എന്തു നടപടിയെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
കടകംപള്ളിക്കെതിരേ ചാറ്റ്മുന നീളുന്നു, പോലിസില്‍ പരാതിയെത്തി, ഇനിയെന്ത്
