പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ റവാഡ ചന്ദ്രശേഖര്‍. കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയാകുന്നത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ ചന്ദ്രശേഖര്‍ 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയാണ് അറിയിച്ചത്.
സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. സുദീര്‍ഘമായ പ്രവൃത്തി പരിചയവുമായാണ് ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് തലപ്പത്തേക്ക് എത്തുന്നത്. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തോളം അനുഭവ സമ്പത്തുണ്ട്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറാണ്.
നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് വിരമിക്കും. യുപിഎസ്‌സിയുടെ ചുരുക്കപ്പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു റവാഡ ചന്ദ്രശേഖര്‍. നിധിന്‍ അഗര്‍വാളായിരുന്നു ഒന്നാം സ്ഥാനത്ത്. ഇദ്ദേഹം നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരില്‍ ഏറ്റവും സീനിയറായ നിധിന്‍ അഗര്‍വാളിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സര്‍വീസുള്ളത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി അദ്ദേഹത്തിന് സര്‍വീസ് കാലാവധി നീട്ടി നല്‍കാനാകും.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഇദ്ദേഹത്തോട് കേരളത്തിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. പ്രധാനമന്ത്രിയുടെ സുരക്ഷ അടക്കം ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. കര്‍ഷക കുടുംബത്തിലാണ് റവാഡ ചന്ദ്രശേഖറിന്റെ ജനനം. 1994 -ല്‍ തലശേരി എഎസ്പിയായിരുന്നു സര്‍വീസിന്റെ തുടക്കം. കൂത്തുപറമ്പ് വെടിവയ്പ്പ് നടന്ന സമയത്ത് എഎസ്പിയായിരുന്നു.