ന്യൂഡല്‍ഹി: അര്‍ജന്‍ീനയുടെ സൂപ്പര്‍ താരം മെസി മാത്രമല്ല പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇന്ത്യയില്‍ കളിക്കുമെന്നുറപ്പായി. മെസിയുടെ ഉറപ്പായ വരവ് സ്വകാര്യ സന്ദര്‍ശനമെന്ന നിലയിലും കളിക്കുന്നത് സൗഹൃദ മത്സരങ്ങളിലുമാണെങ്കില്‍ റൊണാള്‍ഡോയുടേത് അങ്ങനെയല്ല. വരുന്നത് കളിച്ചു മത്സരിക്കാന്‍ തന്നെയാണ്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ (എസിഎല്‍ 2) മത്സരങ്ങള്‍ക്കുള്ള സൗദിയുടെ അല്‍ നസ്ര്‍ ടീം അംഗങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
റൊണാള്‍ഡോ മാത്രമല്ല, സാദിയോ മാനെ, ജവോ ഫെലിക്‌സ്, കിങ്സ്ലി കോമന്‍ എന്നീ സൂപ്പര്‍ താരങ്ങളും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ഷെഡ്യൂള്‍ അനുസരിച്ച് എഫ് സി ഗോവയും അല്‍ നസ്‌റും തമ്മില്‍ കളിക്കേണ്ടതാണ്. ഈ മത്സരം നടക്കുന്നത് ഗോവയിലാണ്. ഒക്ടോബര്‍ 22നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹോം ആന്‍ഡ് എവേ എന്ന രീതിയിലാണ് മത്സരം മൊത്തത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അല്‍ നസ്‌റിന്റെ ടീമില്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിശ്ചയമായും ഫുട്‌ബോള്‍ പ്രേമികള്‍ ഒക്ടോബര്‍ 22ന് ഗോവയിലേക്ക് ഒഴുകും. സൗഹൃദമത്സരമൊന്നുമല്ലാതെ ശരിക്കും വീറും വാശിയുമുള്ള ഫുട്‌ബോള്‍ മാച്ചില്‍ അന്ന് റൊണാള്‍ഡോ കളത്തിലിറങ്ങും. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തുന്നു, ചാമ്പ്യന്‍സ് ലീഗില്‍, ഒക്ടോബര്‍ 22ന്
