പിഎം ശ്രീ പിന്‍മാറ്റം കേന്ദ്രത്തിലാരും അറിഞ്ഞിട്ടില്ല. പിന്‍മാറ്റം സംസ്ഥാനത്തിന് എളുപ്പമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്നു കേരളം പിന്‍മാറിയെന്ന കാര്യത്തില്‍ പത്രവാര്‍ത്തകളല്ലാതെ യാതൊരു അറിവുമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വ്യക്തത ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പിഎം ശ്രീ പദ്ധതിയില്‍ നിന്നു പിന്‍മാറുക കേരളത്തിന് എളുപ്പമല്ലെന്ന് അവര്‍ പറയുന്നു. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പിന്‍മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷാ അഭിയാന്റെ (എസ്എസ്എ) ഫണ്ട് തടയാന്‍ കേന്ദ്രത്തിനു കഴിയുമെന്നു അവര്‍ വ്യക്തമാക്കി.

പിഎം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം കരാര്‍ റദ്ദാക്കാനും പിന്‍വലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് മാത്രമാണ്. പിഎം ശ്രീയില്‍ നിന്ന് പഞ്ചാബ് പിന്‍മാറുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് എസ്എസ്എയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപയാണ് ഇങ്ങനെ തടഞ്ഞു വച്ചത്. ഇതേ തുടര്‍ന്ന് 2024 ജൂലൈയില്‍ തിരികെ പദ്ധതിയില്‍ പ്രവേശിക്കാന്‍ പഞ്ചാബ് സന്നദ്ധത അറിയിക്കുകയായിരുന്നു. പിഎം ശ്രീ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാം എന്നല്ലാതെ പദ്ധതിയില്‍ നിന്നു ഏകപക്ഷീയമായി പിന്‍മാറാന്‍ സംസ്ഥാന ഗവണ്‍മെന്റിനു കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി.

ധാരണാപത്രം തല്‍ക്കാലം മരവിപ്പിക്കാന്‍ കേന്ദ്രത്തിനു കത്തു നല്‍കാമെന്നും പദ്ധതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ കൊണ്ടുവരാമെന്നുമാണ് കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഉപസമിതിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, അധ്യക്ഷനും മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, റോഷി അഗസ്റ്റിന്‍, പി രാജീവ്, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ അംഗങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *