ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിനുള്ളില്‍ കുറേ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന അധികാര തര്‍ക്കം പിടിവിട്ടതോടെ ഇടപെടാന്‍ കേന്ദ്ര ഗവണ്‍മെന്റ് നീക്കം. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെയും സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ ആവശ്യപ്പെട്ടതായി സൂചന. ഇരുവരെ കേന്ദ്രമന്ത്രിമാര്‍ വിളിച്ചുവരുത്തിയതാണെന്നും പറയുന്നു. ടാറ്റ സണ്‍സിന്റെ ഭൂരിപക്ഷം ഓഹരികളും ടാറ്റ ട്ര്‌സ്റ്റ്‌സിന്റെ കൈവശമായിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വീതം വയ്പാണ് രണ്ടു ചെയര്‍മാന്‍മാര്‍ക്കും ഇടയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്‌നം. ടാറ്റ കമ്പനികളുടെ പ്രവര്‍ത്തനത്തെയും ടാറ്റയുടെ ഇപ്പോള്‍ നടത്താന്‍ പോകുന്ന ഐപിഓയെയും ഇതു ബാധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും പറയുന്നു.
രത്തന്‍ ടാറ്റയുടെ നിര്യാണത്തിനു പിന്നാലെയാണ് ടാറ്റ ഗ്രൂപ്പില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഒരു വര്‍ഷമായതോടെ ഇതു പൊട്ടലും ചീറ്റലുമെന്ന അവസ്ഥയിലെത്തുകയും വാര്‍ത്തകള്‍ പൊതു മണ്ഡലത്തിലേക്ക് ലീക്ക് ചെയ്ത് എത്തുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ടാറ്റ ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കു കൂടി വ്യാപിച്ചിരിക്കുകയാണിപ്പോള്‍. രത്തന്‍ ടാറ്റ ജീവനോടെയിരുന്നപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കാട്ടിയിരുന്ന സ്വീകാര്യത ഇപ്പോള്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടതോടെ ലഭിക്കാതായതാണ് ഇത്ര ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ടാറ്റ സാമ്രാജ്യം കലങ്ങുമ്പോള്‍ സമവായത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഇടപെടുന്നു

