കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി കേരളത്തില്‍ എവിടേക്കും യാത്ര ചെയ്യുന്നതിന് പുതിയ റെയില്‍വേ സ്റ്റേഷന്‍ വരുന്നു. വിമാനത്താവളത്തോടു ചേര്‍ന്നു തന്നെ റെയില്‍വേ സ്‌റ്റേഷന്‍ കൂടി നിര്‍മിക്കുന്നതിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതിയായി. കേന്ദ്ര റെയില്‍വേ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി കൂടിയായ ജോര്‍ജ് കുര്യനെ അറിയിക്കുകയായിരുന്നു.
വിമാനയാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലായിരിക്കും റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണം. അങ്കമാലിക്കും ചൊവ്വരയ്ക്കും മധ്യേയായി നിലവിലുള്ള റെയില്‍വേ ലൈന്‍ വിമാനത്താവളത്തിന് ഏറ്റവുമടുത്ത് കടന്നു പോകുന്ന ഭാഗത്തായിരിക്കും പുതിയ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക. ബോര്‍ഡിന്റെ അനുമതി ഉത്തരവായി ഇറങ്ങിയാലുടന്‍ സ്‌റ്റേഷന്റെ നിര്‍മാണം ആരംഭിക്കും.
കഴിഞ്ഞ വര്‍ഷം ഈ റൂട്ടില്‍ വിന്‍ഡോ ട്രെയിലിങ് പരിശോധന നടത്തിയിരുന്നതാണ്. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ കൂടി മേല്‍നോട്ടത്തിലായിരുന്നു അപ്പോള്‍ പരിശോധന നടത്തിയത്. സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം അപ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു എന്നാണ് സൂചന.

