അറട്ടൈ വികസിപ്പിച്ച ശ്രീധര്‍ വേമ്പുവിന്റെ സോഹോ സ്യൂട്ട് ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ശ്രീധര്‍ വേമ്പു എന്ന സംരംഭകന്‍ വികസിപ്പിച്ച സോഹോ കോര്‍പ്പറേഷന്റെ ഓഫീസ് സ്യൂട്ട് ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍. രാജ്യം ഇപ്പോള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അറട്ടൈ എന്ന സാമൂഹ്യമാധ്യമ ആപ്പിന്റെ ഉപജ്ഞാതാവാണ് ശ്രീധര്‍ വേമ്പു. വാട്‌സാപ്പിനു പോലും ഇന്ത്യയില്‍ ബദലായേക്കാം എന്ന നിലയിലാണ് അറട്ടൈയുടെ വളര്‍ച്ച. ഇതു വികസിപ്പിക്കുന്നതിനു മുമ്പേ വേമ്പു വികസിപ്പിച്ചതാണ് ഓഫീസ് സ്യൂട്ട്.
കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന പരിപാടിയുടെ ഭാഗമായാണ് സോഹോയുടെ ഓഫീസ് സ്യൂട്ടിനും പ്രോത്സാഹനം നല്‍കുന്നത്. കേന്ദ്ര വിദ്യഭ്യാസ വകുപ്പ് എല്ലാ ഓഫീസ് ഇടപാടുകള്‍ക്കും സോഹോ സ്യൂട്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. സമാനമായ ഏതു ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ പ്രോഗ്രാമുകള്‍ക്കുമൊപ്പം കിടപിടിക്കുന്നതാണ് വേമ്പുവിന്റെ ഡിജിറ്റല്‍ ഉല്‍പ്പന്നവും. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഇമെയിലുകളുമായും സോഹോ ഓഫീസ് സ്യൂട്ട് ഇപ്പോള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡോക്യുമെന്റുകള്‍ മുതല്‍ പ്രസന്റേഷനുകളും ഓണ്‍ലൈന്‍ മീറ്റുകളും ഇമെയിലുകള്‍ പോലും സോഹോ സ്യൂട്ട് ഉപയോഗിച്ചു നടത്തുന്നതിന് ഇപ്പോള്‍ നിര്‍ബന്ധവുമായി.