ന്യൂഡല്‍ഹി: ഫോണില്‍ സേവ് ചെയ്യാത്ത നമ്പരുകളില്‍ നിന്നുള്ള കോളുകളില്‍ പോലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് വിളി കേള്‍ക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം ഈ പരിഷ്‌കാരം നടപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കോളിങ് നെയിം പ്രസന്റേഷന്‍ എന്നാണ് ഈ പരിഷ്‌കാരത്തിന് ഗവണ്‍മെന്റ് പേരു നല്‍കിയിരിക്കുന്നത്.
നിരവധി തട്ടിപ്പുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെയൊരു പരിഷ്‌കാരം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ഒരു സര്‍ക്കിളിലെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ഈ സമ്പ്രദായം കൊണ്ടുവന്നിരിക്കണമെന്നാണ് പറയുന്നത്. സിം എടുക്കുന്ന സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്‍കിയിരിക്കുന്ന പേരായിരിക്കും സ്‌ക്രീനില്‍ എഴുതി കാണിക്കുക. ആദ്യ ഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 4ജി നെറ്റ്വര്‍ക്കുകളിലും അതിനു മുകളിലുള്ളവയിലുമായിരിക്കും തുടക്കത്തില്‍ ഇതു നടപ്പിലാക്കുക.

