ബീഹാര്‍ മാതൃകയില്‍ കേരളത്തിലും സമഗ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ ഈ മാസം മുതല്‍

തിരുവനന്തപുരം: ബീഹാറിന്റെ അതേ മാതൃകയില്‍ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അടുത്ത വര്‍ഷം പകുതിയോടെ സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും. സ്‌പെഷന്‍ ഇന്റന്‍സീവ് റിവിഷന്‍ എന്ന പേരിട്ടിരിക്കുന്ന പട്ടിക പുതുക്കലിന് ഇതിനു മുമ്പ് പുതുക്കല്‍ നടന്ന 2002ലെ വോട്ടര്‍ പട്ടികയായിരിക്കും അടിസ്ഥാന രേഖയായി സ്വീകരിക്കുക. ബീഹാറിലും ചെയ്തത് ഇതു തന്നെയായിരുന്നു. പുതുക്കലിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പട്ടിക നിലവില്‍ വരുന്നതോടെ ഇപ്പോഴുള്ള വോട്ടര്‍പട്ടിക റദ്ദായിപ്പോകും. എതെങ്കിലും കാരണവശാല്‍ അന്നത്തെ പട്ടികയില്‍ ഉണ്ടായിരിക്കുകയും ഇപ്പോഴത്തെ പട്ടികയില്‍ ഇല്ലാതാകുകയും ചെയ്യുന്ന പേരുകളുണ്ടെങ്കില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തെളിവായി സമര്‍പ്പിച്ച് തെറ്റു തിരുത്താനും അവസരമുണ്ടായിരിക്കും. എന്നാല്‍ 2002ലെ പട്ടികയില്‍ പേരുണ്ടായിരിക്കുകയും അതിനു ശേഷം മരിക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്തിട്ടുള്ളവരുടെ വോട്ടുകള്‍ നീക്കം ചെയ്യുന്നതുമാണ്. 2002 നു ശേഷം വോട്ടവകാശത്തിനുള്ള പ്രായമെത്തിയവര്‍ക്ക് ഇതേ രീതിയില്‍ രേഖകളുടെ സഹായത്തോടെ പട്ടികയില്‍ പേരു ചേര്‍ക്കുകയുമാകാം.
നിലവില്‍ കൈവശമുള്ള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാം, പുതിയ പട്ടികയിലും പേരുണ്ടായിരിക്കണമെന്നു മാത്രം. പുതിയതായി പേരു ചേര്‍ക്കുന്നവര്‍ക്ക് പുതിയ വോട്ടര്‍ ഐഡികളും വിതരണം ചെയ്യുന്നതാണ്. ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ തോറുമെത്തി രേഖകള്‍ പരിശോധിക്കുകയും വോട്ടര്‍ പട്ടികയ്ക്ക് അന്തിമമായി രൂപം നല്‍കുകയും ചെയ്യും. അന്യ സംസ്ഥാനത്തു നിന്ന് കേരളത്തിലെത്തി തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കും മറ്റുമായി താമസിക്കുന്നവരുടെ കാര്യത്തില്‍ അവരുടെ സ്വദേശത്തെ പട്ടികയുമായി ഒത്തു നോക്കിയ ശേഷമായിരിക്കും പുതിയ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.
സമഗ്ര പട്ടിക പുതുക്കലുമായ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും യോഗം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 20നു വിളിച്ചു ചേര്‍ക്കുന്നതാണ്.