കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഡോ. ബി അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷ(കെടിഡിഎഫ്‌സി)നിലേക്ക് സ്ഥലം മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ഇതിലൂടെ സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന അശോകിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. ഇതോടെ അശോകിനു മുന്നില്‍ സര്‍ക്കാര്‍ രണ്ടാം വട്ടവും മുട്ടുകുത്തുകയാണ്. നേരത്തെ തദ്ദേശ ഭരണവകുപ്പ് പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായി സ്ഥലം മാറ്റിയപ്പോഴായിരുന്നു ട്രൈബ്യൂണല്‍ അശോകിന്റെ രക്ഷയ്‌ക്കെത്തിയത്. അതോടെ ആ സ്ഥലം മാറ്റം ആവിയായി പോകുകയും കൃഷിവകുപ്പില്‍ തന്നെ അദ്ദേഹം തിരിച്ചെത്തുകയുമായിരുന്നു.
ട്രൈബ്യൂണലില്‍ പരാതിയുമായി പോകുകയായിരുന്നതിനാല്‍ പുതുതായി ഏല്‍പിച്ച കെടിഡിഎഫ്‌സിയില്‍ അശോക് ചുമതലയേറ്റിരുന്നില്ല. അശോകിനു പകരം ചുമതലയേല്‍പിച്ച ടിങ്കു ബിസ്വാള്‍ കൃഷിവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. അതോടെ അശോക് ഇപ്പോള്‍ കസേരയില്ലാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കുകയാണ്.
ഡോ. ബി അശോകിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും പ്രഹരം, സ്ഥലം മാറേണ്ടെന്ന്
