മുദ്രാവാക്യംവിളിയെ വധശ്രമമാക്കി മാറ്റാനുള്ള ശ്രമം പൊളിഞ്ഞു

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മൂന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ചതിനു ചാര്‍ജ് ചെയ്ത വധശ്രമക്കേസിനു കേന്ദ്ര ഗവണ്‍മെന്റ് അനുമതി നിഷേധിച്ചു. വിമാനങ്ങളില്‍ ബാധകമായ സിവിള്‍ ഏവിയേഷന്‍ വകുപ്പ് നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി ചോദിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച റിപ്പോര്‍ട്ടാണ് നിലം തൊടാതെ തിരിച്ചു മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ലാന്‍ഡ് ചെയ്തിരിക്കുന്നത്. വിമാന സുരക്ഷാ നിയമം ഈ കേസില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്. 2022 ജൂണ്‍ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കെ എസ് ശബരീനാഥന്‍ ഉള്‍പ്പെടെ നാലു പേരായിരുന്നു പ്രതികള്‍. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി മടങ്ങിവരുമ്പോള്‍ അതില്‍ തന്നെ യാത്രക്കാരായി ഉണ്ടായിരുന്ന ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ഇവര്‍ മൂവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നതിനാല്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനഥനെ കൂടിയും പ്രതിയാക്കി. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു എന്നതാണ് ശബരീനാഥനെ പ്രതിയാക്കാനുള്ള കാരണം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവര്‍ത്തകര്‍ പാഞ്ഞടുത്തുവെന്നാണ് ചാര്‍ജ്‌ ഷീറ്റില്‍ പറഞ്ഞിരുന്നത്. കേസ് കടുപ്പിക്കാന്‍ വേണ്ടിയും സംഭവം നടന്നത് വിമാനത്തിനുള്ളിലായതിനാലും വ്യോമയാന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചുമത്തി. എന്നാല്‍ വ്യോമയാന നിയമത്തില്‍ കേസ് എടുക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി കൂടിയേ തീരൂ. അതിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തിരികെ എത്തിയിരിക്കുന്നത്. ഇങ്ങനെയൊരു കേസ് നിലനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട് മടക്കാന്‍ കേന്ദ്രം പറയുന്ന കാരണം.