ശബരിമല സ്വര്‍ണമോഷണത്തിനു കേസെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തു പ്രതികള്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് കേസ് എടുത്ത് പോലീസ്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാത്താണിപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പത്തുപേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. വ്യാജരേഖചമയ്ക്കല്‍, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിചേര്‍ത്തിരിക്കുന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിനു നിയമപരമായ തടസമൊന്നുമില്ല.
ഇനി ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിനു ക്രൈംബ്രാഞ്ച് കൈമാറും. ക്രൈബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തെയും നയിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ അധികാരമുള്ളതിനാലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
2019ല്‍ ദ്വാരപാലക ശില്‍പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി 474.9 ഗ്രാം സ്വര്‍ണം അപഹരിച്ചുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.ഈ സ്വര്‍ണം എന്തു ചെയ്തുവെന്ന് ഇനിയുള്ള അന്വേഷണത്തിലാണ് തെളിയേണ്ടത്.