അശ്ലീലം വിറ്റ് കാശുണ്ടാക്കി, ശ്വേത മേനോനെതിരെ കേസ്

കൊച്ചി: അശ്ലീല രംഗങ്ങളും ആഭാസകരമായ ഉള്ളടക്കവുമുള്ള വേഷങ്ങള്‍ ചെയ്യുകയും അത്തരം കലാസൃഷ്ടികള്‍ വിറ്റ് ധനസമ്പാദനം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. വിവര സാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷന്‍ 67എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാര്‍ട്ടിന്‍ മേനാച്ചേരിയെന്നൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചതനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും. ഇമ്മോറൽ ട്രാഫിക് പ്രിവന്‍ഷന്‍ നിയമത്തിന്റെ മൂന്നും അഞ്ചും വകുപ്പുകള്‍ കൂടി പോലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഭാസകരവും അശ്ലീലം നിറഞ്ഞതുമായി വേഷങ്ങളില്‍ നടി അഭിനയിക്കുകയും അതു വഴി ധനസമ്പാദനം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിലെ ആരോപണം. ഇത്തരം ഉള്ളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള വെബ്‌സൈറ്റുകളിലൂടെയും പ്രക്ഷേപണം ചെയ്ത് പ്രശസ്തിയും പണവുമുണ്ടാക്കിയെന്നും എഫഐആറിലുണ്ട്.
കേസെടുത്തതിന്റെ തുടര്‍ച്ചയായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലകരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 67എ വകുപ്പ്. മലയാള സിനിമ നടീനടന്‍മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഓഗസ്റ്റ് 15ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥാനാര്‍ഥി കൂടിയായ ശ്വേതയ്‌ക്കെതിരേ കേസ് വന്നിരിക്കുന്നത്. സിനിമ നടന്‍ ദേവനെതിരെയാണ് ശ്വേത മേനോന്‍ മത്സരിക്കുന്നത്. വിജയസാധ്യത ശ്വേതയ്ക്കാണെന്നു പൊതുവേ വിലയിരുത്തപ്പെടുന്നുമുണ്ട്.