കോട്ടയം: കേരളത്തില്‍ ഏറ്റവും പ്രചാരം നേടിയ ജനപ്രിയ മാസികയായിരുന്ന മംഗളത്തില്‍ ലോലന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് വര്‍ഷങ്ങളോളം അവതരിപ്പിച്ചു പോന്ന കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി പി ഫിലിപ്പ്) അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു. ഒരൊറ്റ കഥാപാത്രത്തിന്റെ പേരില്‍ കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുക എന്ന വലിയ നേട്ടം കൈവരിച്ച കലാകാരനാണ് ചെല്ലന്‍. വടവാതൂര്‍ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

കെഎസ്ആര്‍ടിസിയില്‍ പെയിന്ററായി ജോലിയെടുക്കുന്നതിനിടയിലായിരുന്നു കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. നിത്യജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങളിലൂടെ ഒരു പൂവാലനെയാണ് ലോലനിലൂടെ അവതരിപ്പിച്ചത്. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷവും കാര്‍ട്ടൂണ്‍ രചന തുടര്‍ന്നു.
1948ല്‍ പൗലോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ചു. 2002ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചു. കോട്ടയം വടവാതൂരില്‍ വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് മരണം. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍ സുരേഷ്
കാര്‍ട്ടൂണ്‍ രംഗത്തെ സംഭാവനകള്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെല്ലന് വിശിഷ്ടാംഗത്വം നല്‍കിയിരുന്നു. ചെല്ലന്‍ സൃഷ്ടിച്ച ലോലന്‍ എന്ന കഥാപാത്രത്തെ കൊച്ചിയിലെ ഒരു ടെക് സ്ഥാപനം ആനിമേഷന്‍ രീതിയില്‍ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തന്റെ കഥാപാത്രം ചലിക്കുന്നതു കാണുന്നതിനു മുമ്പായി സൃഷ്ടാവ് ചലനമില്ലാത്ത ലോകത്തേക്ക് യാത്രയായി.

