കിംഗ്‌സ്റ്റണ്‍: കരീബിയന്‍ ദ്വീപുകളെ കശക്കിയെറിഞ്ഞ മെലീസ ചുഴലിക്കാറ്റില്‍ എത്രപേര്‍ക്ക് ജീവാപായമുണ്ടായെന്നു പോലും തിരിച്ചറിയാനാകാതെ ലോകം. ദുരന്തബാധിത സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ ഓരോ നിമിഷവും മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറു പേരെങ്കിലും മരിച്ചുവെന്നാണ് ഊഹിക്കാന്‍ സാധിക്കുന്നത്. തിരച്ചിലും രക്ഷാപ്രവര്‍ത്തവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ദ്വീപുകളിലൊന്നായ ജമൈക്കയില്‍ മുഴുവനായി ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങള്‍ നിരവധിയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പല ഭാഗത്തേക്കും അടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഏറക്കുറേ പൂര്‍ണമായി മിക്കയിടത്തും വൈദ്യുതി നിലച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തിയ ചെളിയിലും പുതഞ്ഞു പോയിരിക്കുകയാണ് വാഹനങ്ങള്‍ കയറിച്ചെല്ലേണ്ട മിക്ക റോഡുകളും. ആയിരക്കണക്കിന് ആള്‍ക്കാരാണ് സഹായത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്നത്. കുടിവെള്ളത്തിനും ഭക്ഷണത്തിനും പോലും കടുത്ത ക്ഷാമമാണ്.
ജമൈക്കയില്‍ ചില ഗ്രാമങ്ങളിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ന്നു കിടക്കുന്നതാണ് ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നത്. മരങ്ങളെല്ലാം റോഡുകളില്‍ വീണു കിടക്കുകയാണ്. ഇതെല്ലാം മാറ്റിമാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ സാധിക്കൂ. ഹെയ്തിയില്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ക്യൂബയിലാണെങ്കില്‍ ഇരുനൂറിലധികം കമ്യൂണിറ്റികളാണ് ഒറ്റപ്പെട്ടു പോയിരിക്കുന്നത്.

