മെക്‌സിക്കോ സിറ്റി: യാത്രക്കാരുമായി റെയില്‍ പാളം മുറിച്ചു കടക്കുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസിലേക്ക് ചരക്കു തീവണ്ടിയിടിച്ചു കയറി മെക്‌സിക്കോ സിറ്റിയില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു, അമ്പതിലധികം ആള്‍ക്കാര്‍ക്കു പരിക്കേറ്റു. സിറ്റിയിലെ അറ്റ്‌ലാകോമുല്‍കോ പ്രദേശത്തെ വ്യാവസായിക പ്രദേശത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസിലേക്കാണ് തീവണ്ടി ഓടിക്കയറിയത്. പരിക്കേറ്റ പലരെയും ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മരിച്ചവരില്‍ ഏഴു പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്‍മാരുമാണ്. പരിക്കേറ്റ മിക്കവരുടെയും നില അതീവഗുരുതരമാണെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസിലാണ് അപകടം നടന്നിരിക്കുന്നത്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി ശ്രദ്ധിച്ചു മാത്രം മുന്നോട്ടു പോകണമെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടുത്തുള്ള വ്യവസായ സ്ഥാപനത്തില്‍ നിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇടിക്കു ശേഷം ബസ് രണ്ടായി പിളരുകയും ഓരോ ഭാഗം റെയില്‍വേ ട്രാക്കിന്റെ ഇരുപുറത്തുമായി തെറിച്ചു വീഴുകയുമായിരുന്നു.
മെക്‌സിക്കോയില്‍ ഡബിള്‍ ഡക്കര്‍ ബസിലേക്ക് ട്രെയിന്‍ ഓടിക്കയറി 10 പേര്‍ കൊല്ലപ്പെട്ടു
