ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭീതി പരത്തി ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം. പതിമൂന്നു പേര്‍ കൊല്ലപ്പെടുകയും പതിനെട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിനു സമീപമാണ് ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവ സ്ഥലത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വഴിവിളക്കുകള്‍ ചിന്നിച്ചിതറി. ഭൂകമ്പത്തിനു സമാനമായ സാഹചര്യമായിരുന്നു സ്ഥലത്തുണ്ടായതെന്ന് കാണികള്‍ പറഞ്ഞു.

മെട്രോ സ്‌റ്റേഷനു സമീപം ഐ20 കാര്‍ വേഗത കുറച്ച് എത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കു കൂടി തീ പടര്‍ന്നു. ഡല്‍ഹി അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളം ആള്‍ക്കാര്‍ എത്തുന്ന ഏറ്റവും തിരക്കുള്ള മേഖലയിലാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിച്ച കാര്‍ ഒരു തീഗോളം പോലെ മുകളിലേക്ക് ഉയരുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

