തൊടുപുഴ: ഇടുക്കി ജില്ലയിലെ ചീനിക്കുഴി എന്ന സ്ഥലത്ത് മകനെയും ഭാര്യയെയും മക്കളെയും മുറിയില്‍ പൂട്ടിയിട്ട് തീ കൊളുത്തി കൊന്ന പിതാവിന് വധശിക്ഷ വിധിച്ച് തൊടുപുഴ സെഷന്‍സ് കോടതി. വീട്ടില്‍ അതിക്രമിച്ചു കയറി പ്രശ്‌നങ്ങളുണ്ടാക്കിയതിന് പ്രതി പത്തു വര്‍ഷം തടവു ശിക്ഷയും അനുഭവിക്കണം. അതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് വിധിയില്‍ പറയുന്നു.
2022 മാര്‍ച്ച് 19ന് അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുയായിരുന്ന മുഹമ്മദ് ഫൈസല്‍ (ഷിബു), ഭാര്യ ഷീബ, മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെ ഹമീദ് കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ കിടക്കുന്ന മുറിയിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ക്ക് തീ കൊളുത്തിയ ശേഷം വലിച്ചെറിയുകയായിരുന്നു. അര്‍ധ രാത്രി മകനും കുടുംബവും ഉറങ്ങിക്കഴിഞ്ഞു എന്നു ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു അക്രമം. തീ കെടുത്തുന്നതിനായി വെള്ളം എടുക്കാതിരിക്കാന്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയുകയും ചെയ്തിരുന്നു. ഇവര്‍ രക്ഷപെടാതിരിക്കാന്‍ കിടപ്പുമുറിയുടെ വാതില്‍ പുറത്തു നിന്നു പൂട്ടിയ ശേഷമായിരുന്നു ആക്രമണം.
ഹമീദിനെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രതിക്ക് എതിരായിരുന്നു. പോരെങ്കില്‍ ഇയാള്‍ പോലീസിനോടു കുറ്റ സമ്മതം നടത്തുകയും ചെയ്തിരുന്നു.

