ഒരേ ദിവസം ഏഴു പേര്‍ക്ക് വധശിക്ഷ, കൊലപാതകവും മയക്കുമരുന്നും കേസുകളില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈഹിയ ജയിലില്‍ കൂട്ട വധശിക്ഷ. ഒരേ ദിവസം ഏഴു തടവുകാരുടെ വധശിക്ഷയാണ് ഒന്നിച്ചു നടപ്പാക്കിയത്. ശിക്ഷിക്കപ്പെട്ട ഒരാളുടെ കുടുംബം ബ്ലഡ് മണി നല്കി വധശിക്ഷയില്‍ നിന്ന് ഇളവിനായി ശ്രമിച്ചെങ്കിലും അതിനു പോലുമുള്ള സാവകാശം നല്‍കാതെയാണ് കൂട്ടമായി തന്നെ ശിക്ഷ നടപ്പാക്കിയത്. മൂന്ന് കുവൈത്ത് പൗരന്‍മാര്‍, രണ്ടു ബംഗ്ലാദേശി പൗരന്‍മാര്‍, രണ്ട് ഇറാന്‍ പൗരന്‍മാര്‍ എന്നിവരാണ് ശിക്ഷയുടെ ഭാഗമായി വധിക്കപ്പെട്ടത്.
ഇവരില്‍ അഞ്ചു പേര്‍ കൊലപാതക കേസിലും രണ്ടു പേര്‍ മയക്കുമരുന്ന് കേസിലുമാണ് ജയിലിലായത്. വിചാരണയില്‍ കടുത്ത കുറ്റങ്ങളായതിനാല്‍ ഇവര്‍ക്കെല്ലാം വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു. ആകെ ഒമ്പതു പേരായിരുന്നു ശിക്ഷിക്കപ്പെട്ടതെങ്കിലും രണ്ടു പേര്‍ക്ക് താല്‍ക്കാലികമായി ഇളവു ലഭിച്ചതിനാല്‍ ശിക്ഷ നീട്ടിവച്ചിട്ടുണ്ട്. ഇത് എന്നത്തേക്കു നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊല്ലപ്പെട്ട ഒരാളുടെ കുടുംബം ബ്ലഡ്മണി സ്വീകരിച്ച് പ്രതിയുടെ ശിക്ഷ ഒഴിവാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കിലും ആവശ്യപ്പെട്ടത് ഇരുപതു ലക്ഷം ദിനാറായിരുന്നു. ഇത്രയും പണം സമാഹരിക്കാന്‍ പ്രതിയുടെ അനന്തരാവകാശികള്‍ക്കു സാധിക്കാതെ വന്നതിനാല്‍ ഇക്കൂടെ വധിക്കപ്പെടുകയും ചെയ്തു. മറ്റൊരു പ്രതിയുടെ കുടുംബം ബ്ലഡ് മണി നല്‍കാന്‍ തയാറായി വന്നുവെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തുക സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഇക്കൂടെ വധിക്കപ്പെട്ടത്.