തടാകത്തില്‍ തേച്ചുകുളി, പഴി ഇന്ത്യയ്ക്ക്

ഒട്ടാവ: പൊതു ജലാശയത്തില്‍ നാല്‍വര്‍ സംഘത്തിന്റെ പരസ്യമായ തേച്ചുകുളിയാണിപ്പോള്‍ കാനഡയിലെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. ഇതിനെതിരേ വിമര്‍ശനങ്ങളും ഇവര്‍ ഇന്ത്യക്കാരെന്ന സങ്കല്‍പത്തില്‍ കാനഡയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അധിക്ഷേപവും ഒഴുകുകയാണ്. അമ്പതു ലക്ഷത്തിലധികം ആള്‍ക്കാരാണ് എക്‌സില്‍ മാത്രം ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. കുളിക്കുന്നതല്ല വിമര്‍ശിക്കുന്നവരില്‍ പലര്‍ക്കും പ്രശ്‌നം. സോപ്പ് തേച്ചു കുളിക്കുന്നതാണ് ഇവര്‍ വിമര്‍ശനത്തിനു കാരണമാക്കുന്നത്. കാനഡയിലെ ബ്രാംപ്ടന്‍ തടാകത്തിലാണ് നാലുപേരുടെയും പള്ളിനീരാട്ട്. കിര്‍ക് ലുബിമോവ് എന്ന സാമൂഹ്യമാധ്യമ പേജില്‍ നിന്നാണ് വീഡിയോയുടെ ഉത്ഭവം.
കാനഡയിലെ ബീച്ചുകളെയും തടാകങ്ങളെയും പൊതു കുളിമുറികള്‍ പോലെ പലരും കണക്കാക്കുന്നുവെന്നാണ് വിമര്‍ശകര്‍ പൊതുവേ കുറിക്കുന്നത്. ഇത്തരം സംഭവങ്ങളോടെ കാനഡയുടെ സല്‍പ്പേരാണ് നഷ്ടപ്പെടുന്നതെന്ന് ചിലര്‍ പരിതപിക്കുന്നു. ഇങ്ങനെയുള്ള സ്‌നാനത്തിലേര്‍പ്പെടുന്നവരെ കണ്ടെത്തി അവര്‍ക്കു മാത്രമായി ബോധവല്‍ക്കരണം നടത്തണമെന്നു നിര്‍ദേശിക്കുന്നവരുമുണ്ട്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നവര്‍ ഇന്ത്യക്കാരാണെന്ന് കുറേയധികം പേര്‍ ആരോപിക്കുന്നു. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യയ്‌ക്കെതിരേ വെറുപ്പു വിളമ്പാന്‍ ഈ സംഭവം ആയുധമാക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. ഒരു പക്ഷേ കുളിക്കുന്നവരുടെ നിറമാകാം ഇന്ത്യക്കാരെന്ന ധാരണ സൃഷ്ടിക്കുന്നത്. സോപ്പ് ഉപയോഗിച്ച് പൊതു ജലാശയത്തില്‍ കുളിക്കുന്നത് അവയെ മലിനമാക്കുമെന്നും ജലജീവികളെ ദോഷകരമായി ബാധിക്കുമെന്നും കുറിക്കുന്നവര്‍ക്കും പിന്തുണ കിട്ടുന്നുണ്ട്.