അവസാനം കാനഡയും പറയുന്നു ബിഷ്‌ണോയിയും സംഘവും ഭീകരര്‍ തന്നെ

ഒട്ടാവ: അവസാനം ലോറന്‍സ് ബിഷ്‌ണോയിയെയും സംഘത്തെയും ഭീകരരായി അംഗീകരിച്ച് കാനഡ. കനേഡിയന്‍ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസാംഗ്രിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇന്ത്യയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തിനെതിരേ കാനഡയിലെ നിയമപാലകര്‍ക്ക് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. ബിഷ്‌ണോയി സംഘവുമായി ഏതെങ്കിലും തരത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ചേര്‍ന്ന് ഇടപാടുകള്‍ നടത്തുന്നതും ക്രിമിനല്‍ കുറ്റമായി മാറും. സംഘത്തില്‍ ഉള്‍പ്പെട്ടവരായി സംശയിക്കപ്പെടുന്നവര്‍ക്ക് കാനഡയിലേക്ക് പ്രവേശനം അനുവദിക്കുകയുമില്ല. ബിഷ്‌ണോയിയും സംഘവും കൊലപാതകം, തീവയ്പ്, പിടിച്ചുപറി, എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ വംശജരെയും അവരുടെ ബിസിനസുകളെയും തകര്‍ക്കുന്നതിനു ശ്രമിക്കുന്നതായും അറിയുന്നതിന്റെ വെളിച്ചത്തിലാണ് ഭീകരസംഘമായി പ്രഖ്യാപിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകം, രജ്പുത് നേതാവ് സുഖ്‌ദേവ് ഗോഗാമേദി വധം, മഹാരാഷ്ട്ര രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖി വധം, നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് വീടിനു മുന്നില്‍ നടന്ന വെടിവയ്പ് തുടങ്ങി അനേകം കേസുകളില്‍ ബിഷ്‌ണോയിയും സംഘവും പ്രതിസ്ഥാനത്താണ്.