ഒട്ടാവ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ആകര്‍ഷിക്കാന്‍ ഫാസ്റ്റ്ട്രാക്ക രീതിയില്‍ വീസ നടപടികള്‍ പ്രഖ്യാപിച്ച് കാനഡ. അമേരിക്കയിലെ എച്ച്1ബി വീസയുള്ളവര്‍ക്ക് വേണ്ടിയാണ് കനേഡിയന്‍ സര്‍ക്കാര്‍ അതിവേഗ കുടിയേറ്റത്തിന് അവസരമൊരുക്കുന്നത്. എച്ച്1ബി വീസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതോടെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് കാനഡയുടെ പ്രഖ്യാപനം വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കുന്നതിനും യുഎസ് കുടിയേറ്റ നയങ്ങളില്‍ സമീപകാലത്തു വന്നിരിക്കുന്ന മാറ്റങ്ങളുടെ പ്രയോജനമെടുക്കുന്നതിനും വേണ്ടിയാണ് കാനഡയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതേ ലക്ഷ്യത്തോടെ ഇക്കൊല്ലത്തെ ഫെഡറല്‍ ബജറ്റിലും വ്യത്യസ്തമായ നയങ്ങളാണ് കാനഡ സ്വീകരിച്ചിരുന്നത്.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള നിരവധി തൊഴില്‍ മേഖലകളില്‍ അനുയോജ്യരായവരുടെ കുറവ് നേരിടുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. ഈ സമയത്ത് അമേരിക്കയുടെ നയംമാറ്റം മൂലം വിദഗ്ധ തൊഴിലാളികളെ കിട്ടുമെന്ന അവസ്ഥയുണ്ടായിരിക്കുന്നത് ഗുണകരമാകുമെന്നാണ് കാനഡ കണക്കു കൂട്ടുന്നത്. വിശേഷിച്ചും ടെക് മേഖലയിലാണ് ഉന്നത വിദ്യാഭ്യാസവും തൊഴില്‍ പരിചയവുമുള്ളവരെ കാനഡയ്ക്ക് ആവശ്യമുള്ളത്.

