കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്നു തുറന്നു സമ്മതിച്ച് കാനഡ

ഒട്ടാവ: ദീര്‍ഘനാളായി ഇന്ത്യ ഉന്നയിച്ചു വരുന്ന ആരോപണം ശരിയെന്ന് അവസാനം കാനഡയും സമ്മതിച്ചു. കനേഡിയന്‍ മണ്ണില്‍ നിന്നാണ് ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഫണ്ട് ഖലിസ്ഥാന്‍ തീവ്രവാദികള്‍ സമാഹരിക്കുന്നതെന്ന ഇന്ത്യയുടെ വാദം തുറന്നു സമ്മതിച്ച് കനേഡിയന്‍ സര്‍ക്കാര്‍. കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമായ കനേഡിയന്‍ സെക്യുരിറ്റി ഇന്റലിജന്‍സ് സര്‍വീസാണ് ഇതു സംബന്ധിച്ച് അവരുടെ ഇക്കൊല്ലത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഖലിസ്ഥാന്‍ പ്രചാരണത്തിനും ഫണ്ട് ശേഖരണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കാനഡയുടെ മണ്ണ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ അക്രമങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതികളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നതെന്നു വ്യക്തമായി പ്രസ്താവനയില്‍ പറയുന്നുമുണ്ട്. ഈ റിപ്പോര്‍ട്ടില്‍ മറ്റൊരു കാര്യം കൂടി വളരെ ശ്രദ്ധേയമായിട്ടുണ്ട്. ഇത് ആദ്യമായി ഖലിസ്ഥാനെക്കുറിച്ച് പറയുമ്പോള്‍ തീവ്രവാദം എന്ന പദം കാനഡ ഉപയോഗിച്ചിരിക്കുകയാണ്. 1980 മുതല്‍ രാഷ്ട്രീയ പ്രേരിതമായ അക്രമോത്സുകമായ തീവ്രവാദം കാനഡയുടെ മണ്ണില്‍ നടക്കുന്നത് കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ തീവ്രവാദികളിലൂടെയാണെന്ന് വളരെ കൃത്യമായ ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഈ തീവ്രവാദികള്‍ ഇന്ത്യയിലെ പഞ്ചാബ് പ്രദേശത്ത് ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനാണ് പരിശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് മറവില്ലാതെ പറയുന്നു.