ഹിസോര് (താജിക്കിസ്ഥാന്‍): കാഫ നേഷന്‍സ് ഫുട്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല. ഈ സമനിലയോടെ ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് അഫ്ഗാനിസ്ഥാന് പുറത്തായി. ഇന്ത്യയാകട്ടെ ഗ്രൂപ്പ് തലം കടക്കുന്നത് ഇറാനും താജിക്കിസ്ഥാനും തമ്മില്‍ ഇനി നടക്കുന്ന മത്സരത്തിന്റെ ഫലത്തെ മാത്രം ആശ്രയിച്ചാവും.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും കളിച്ചത് പിഴവുകളൊന്നുമില്ലാത്ത കളിയായിരുന്നെങ്കിലും വല ചലിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. കളം നിറഞ്ഞുള്ള കളി കണ്ടതിന്റെ സാഫല്യം കാഴ്ചക്കാര്‍ക്കും അത്തരം കളി കളിച്ചതിന്റെ സന്തോഷം ടീമുകള്‍ക്കും മാത്രം ബാക്കിയായി. എന്നാല്‍ ഗോള്‍രഹിത സമനിലകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്നു മാത്രം.
ഈ ഗ്രൂപ്പില്‍ ആതിഥേയരായ താജിക്കിസ്ഥാനോട് ഇന്ത്യ പുറത്തെടുത്ത ആക്രമമോത്സുകമായ കളിയുടെ ഫലം കണ്ടിരുന്നതാണ്. അതില്‍ ആതിഥേയരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്പിച്ചത്. രാജ്യാന്തര ഫുട്ബോളില്‍ ഇന്ത്യ നേടുന്ന ശ്രദ്ധേയമായ വിജയങ്ങളില്‍ ഒന്നു കൂടിയായി അതു മാറുകയും ചെയ്തു. എന്നാല്‍ ഇറാനുമായുള്ള രണ്ടാമത്തെ കളിയെത്തിയപ്പോള്‍ വിജയം വളരെ അകലെയായി പോയതിന് ടീമെന്ന നിലയില്‍ ഇറാനുള്ള മേല്‍ക്കൈയും ഒരു കാരണമായി. നന്നായി പൊരുതി നിന്ന ശേഷമാണെങ്കിലും ഇന്ത്യ വീണത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്. എങ്കില്‍ കൂടി ആദ്യ പകുതിയില്‍ ഇറാനെ ഗോളൊന്നും അടിക്കാന്‍ സമ്മതിക്കാതെ തടുത്തു നിര്‍ത്താനായി എന്നതു ചെറിയ കാര്യമായിരുന്നില്ല. പുതിയ കോച്ച് ഖാലിദ് ജമാലിനു കീഴില്‍ ഇന്ത്യന്‍ ടീം ആക്രമണോത്സുകത കൈവരിച്ചുവെന്ന് നിസംശയം പറയാം. ഇതുവരെ ഇന്ത്യയ്ക്ക് ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്നതാണ് അവസ്ഥ. ആകെ നാലു പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഇനി ശേഷിക്കുന്ന കളി ഇറാനും താജിക്കിസ്ഥാനും തമ്മിലാണ്. ഇതില്‍ താജിക്കിസ്ഥാന്‍ ജയിക്കുക ദുര്‍ഘടമായ കാര്യമാണെന്നു വിലയിരുത്തപ്പെടുന്നു. ഇറാനാണ് ജയിക്കുന്നതെങ്കില്‍ ഈ ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് ഇറാനും ഇന്ത്യയുമായിരിക്കും മുന്നേറുക. അഥവാ താജിക്കിസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്റെ നിലവിലെ അതേ അവസ്ഥ തന്നെയായിരിക്കും ഇന്ത്യയ്ക്കും വരിക. ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്താകും.
കാഫ കപ്പ്, ഇന്ത്യയുടെ ഭാവി ഇനി ഇറാന്-താജിക്കിസ്ഥാന്‍ മത്സരത്തില്‍

