ബ്രിസ്‌ബേന്‍: ക്വീന്‍സ്‌ലാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പടരുന്നു. അഗ്നിബാധയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കുന്നതു തുടരുന്നു. അടുത്തതായി തീ ബാധിക്കാന്‍ സാധ്യതയുള്ള സതേണ്‍ ഡൗണ്‍സ്, ബുന്‍ഡാബര്‍ഗ്, സോമര്‍സെറ്റ് പ്രദേശങ്ങളിലെ ജനങ്ങളിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഏതു സമയത്തും താമസം ഒഴിയാന്‍ തയാറായിരിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇന്നലെ ഉചയ്ക്കു ശേഷം ഒന്നരയോടെ പുല്‍ക്കൂട്ടത്തിനു മുഴുവന്‍ തീപിടിച്ച സോമര്‍സെറ്റ് മേഖലയിലെ ലേക്ക് വിവന്‍ഹോ പ്രദേശത്തുനിന്ന് മുന്നൂറിലധികം ആള്‍ക്കാരെ അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നു. ബ്രിസ്‌ബേന്‍ വാലി ഹൈവേക്കു ചേര്‍ന്ന പ്രദേശത്തായിരുന്നു ആ സമയം അഗ്നിബാധ. ഇവിടെ നിന്നു ബ്രിസ്‌ബേന്‍ ദിശയിലേക്കു കുറേക്കൂടി മാറിയുള്ളവരോടും ആവശ്യമായി വരികയാണെങ്കില്‍ വൈകുന്നേരത്തോടെ സ്ഥലം ഒഴിയണമെന്നു പറഞ്ഞിരുന്നു. ബ്രിസ്‌ബേനില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍. ബ്രിസ്‌ബേന്‍ വാലി ഹൈവേ, ലോഗന്‍ ഇന്‍ലറ്റ് റോഡ്, ഫിഗ് ട്രീ റോഡ് തുടങ്ങിയ പ്രധാന പോയിന്റുകളില്‍ തീ കെടുത്തുന്നതിനായി അഗ്നിരക്ഷാ സൈനികര്‍ കഠിനാധ്വാനം ചെയ്യുകയാണ്.
സതേണ്‍ ഡൗണ്‍സ് മേഖലയില്‍ വൈകുന്നേരത്തോടെ ജാഗ്രതാനിര്‍ദേശം കൊടുത്തു കഴിഞ്ഞു. അവിടെ ഗ്രാനൈറ്റ് ഹില്‍സ് റോഡിനും പൈക്ക്‌ഡേല്‍ റോഡിനും റോക്ക്‌ലാന്‍ഡ് റോഡിനും മധ്യേ പൊട്ടിപ്പുറപ്പെട്ട അഗ്നി അതിവേഗം സഞ്ചരിച്ചുകൊണ്ടേിയിരിക്കുകയാണ്. ഇതുവരെ ഈ ഭാഗത്തു മാത്രം 700 ഹെക്ടര്‍ സ്ഥലം ചാമ്പലായിക്കഴിഞ്ഞു.
ക്വീന്‍സ്‌ലാന്‍ഡ് മേഖലയില്‍ കാട്ടു തീ പടരുന്നു, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു
