എന്നാലും ബര്‍ഗറേ ഇങ്ങനെ ചതിക്കാമോ

ബ്രിസ്‌ബേന്‍: അമ്പോ, അമ്പത്തഞ്ച് ഡോളറിന്റെ ബര്‍ഗറോ. അതേ, ബ്രിസ്‌ബേനിലെ പെരുമ കേട്ട ഇക്കാ ഷോയില്‍ ഇക്കുറി ഒരു സ്റ്റാളില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ഹാംബര്‍ഗറിന്റെ വിലയാണിത്. മെനുവില്‍ ഈ വില കണ്ടവരൊക്കെ കണ്ണുതള്ളി. എന്നാല്‍ അതിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ എല്ലാവരും മൂക്കത്തു വിരല്‍ വയ്ക്കുകയും ചെയ്തു. വെറുമൊരു സാധാരണ ബര്‍ഗറിന്റെ ചിത്രം. ഇതിനാണോ ഇത്ര കനപ്പെട്ട വിലയെന്ന് അതിശയിക്കുന്നതു സ്വാഭാവികം. എന്നാല്‍ ഭക്ഷണപ്രേമികളൊക്കെ തട്ടിപ്പെന്നു വിളിച്ച ഈ കച്ചവടത്തെ വെള്ളപൂശാനായിരുന്നു സംഘാടകരുടെ ശ്രമം. കട മാത്രമല്ല സംഘാടകരും എയറിലായെന്നു പറയേണ്ടല്ലോ.
പരസ്യത്തിനൊപ്പം പറഞ്ഞിരുന്നത് തങ്ങളുടെ ബര്‍ഗറില്‍ ഇരട്ടി ബീഫ് പട്ടീസ്, ഇരട്ടി സ്‌മോക്കി ബേക്കണ്‍, ലിക്വിഡ് ചീസ്, വലിയൊരു ബണ്‍ എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു. പറയുന്നതൊക്കെ ശരി, അതിന്റെ പടവും കൂട്ടി കാട്ടിയില്ലെങ്കില്‍ പറച്ചിലൊക്കെ വെറും പടമാണെന്നു കാണികള്‍ പറയില്ലേ. അതു തന്നെയാണ് ബ്രിസ്‌ബേന്‍ ഷോയില്‍ സംഭവിച്ചതും. സാമൂഹ്യ മാധ്യമം മുഴുവന്‍ നാനാതരത്തിലുള്ള ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍.