ചുറ്റാന്‍ പറ്റിയ നാടുകള്‍ അയലത്തുണ്ട്

അടുത്ത തവണ അവധിക്കു നാട്ടിലെത്തുമ്പോള്‍ ഫാമിലിയായി എല്ലാവരെയും കൂട്ടിക്കൊണ്ട് ഒരു അടിപൊളി യാത്രപോകാന്‍ കുറച്ചു ലൊക്കേഷനുകള്‍ പരിചയപ്പെട്ടാലോ. ആളെണ്ണം കൂടുന്നതനുസരിച്ച് വല്ലാതെ ചെലവു കൂടുകയുമരുത്, വേറൊരു അനുഭവം തരാന്‍ പറ്റുന്ന യാത്രയായിരിക്കുകയും വേണം എന്നാണ് മനസിലെ ആഗ്രഹമെങ്കില്‍ ഇതാ ഇന്ത്യയ്ക്കു പുറത്തുള്ള ഏതാനും ലൊക്കേഷനുകള്‍. ഇവയൊക്കെ ഇന്ത്യയ്ക്കു പുറത്താണെങ്കില്‍ കൂടി ഇന്ത്യയോട് അത്ര ചേര്‍ന്നു സ്ഥിതി ചെയ്യുന്നവയുമാണ്. ഓരോ നാടും ഓരോ വ്യത്യസ്തമായ അനുഭവം നല്‍കാന്‍ തക്കവിധം സമ്പന്നമായ സംസ്‌കാരവും സുന്ദരമായ കാഴ്ചകളും വ്യത്യസ്തമായ രുചിശീലങ്ങളുമുള്ളവയുമാണ്. ഏതു പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റിയ എന്തെങ്കിലുമൊക്കെ ഇവിടെയെല്ലാമുണ്ട്. ഓരോന്നായി നമുക്കു കാണാം.

നേപ്പാള്‍

ഹിമാലയ മലനിരകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ചെറിയൊരു രാജ്യമാണ് നേപ്പാള്‍. മനോഹരമായ തടാകങ്ങളും സമാധാനപരമായ ബുദ്ധമത അശ്രമങ്ങളുമാണ് നേപ്പാള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്കു വരുന്നത്. ഇന്ത്യയുമായി അത്ര അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ട് ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ സന്ദര്‍ശിക്കുന്നതിന് വീസയുടെ ആവശ്യവുമില്ല. ഇന്ത്യയില്‍ നിന്നു നേപ്പാളിലെത്താന്‍ റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും സൗകര്യവുമുണ്ട്. ഒരാള്‍ക്ക് വെറും അമ്പതിനായിരം രൂപയില്‍ താഴ്ന്ന ചെലവേ രണ്ടോ മൂന്നോ ദിവസം നേപ്പാളില്‍ പോയി താമസിച്ചു തിരികെ വരുമ്പോഴാകൂ.

ശ്രീലങ്ക

പഴ്‌സില്‍ അത്ര കടുത്ത ആഘാതമേല്‍പിക്കാതെ ഇന്ത്യക്കാര്‍ക്കു പോയിവരാവുന്ന മറ്റൊരു രാജ്യമാണ് ശ്രീലങ്ക. കടലാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും ഓഫര്‍ ചെയ്യാനുള്ള കാഴ്ച. മഹത്തായ സാംസ്‌കാരിക പ്രാധാന്യം ഈ രാജ്യത്തിനുള്ളതിനാല്‍ അത്തരത്തില്‍ താല്‍പര്യമുള്ളവര്‍ക്കും കാണാനേറെയുണ്ടിവിടെ. കൊളംബോ, ഗാള്‍, കാണ്ടി തുടങ്ങിയ നഗരങ്ങള്‍ മനോഹരമായ ക്ഷേത്രങ്ങളും വന്യജീവി സങ്കേതങ്ങളും തേയിലത്തോട്ടങ്ങളുമുള്ള സ്ഥലങ്ങളാണ്. താമസത്തിനായാലും ഭക്ഷണത്തിനായാലും വരുന്ന ചെലവ് താങ്ങാനാവുന്നതേയുള്ളൂ താനും.

വിയറ്റ്‌നാം

ഹാനോയി, ഡാ നാങ്, ഹോചിമിന്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളൊക്കെ വളരെ വ്യത്യസ്തമായ യാത്രാനുഭവം നല്‍കുന്നവയാണ്. വളരെ വ്യത്യസ്തമായ രുചികളിലുള്ള ഭക്ഷണമാണ് വിയറ്റ്‌നാമിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. താമസത്തിനോ രാജ്യത്തിനകത്തെ യാത്രയ്‌ക്കോ വേണ്ടി വരുന്ന ചെലവും തീരെ കുറവാണ്. മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്താല്‍ യാത്ര പോലും വലിയ ചെലവാകുന്ന കാര്യമാകില്ല.

തായ്‌ലന്‍ഡ്

സുന്ദരമായ ബീച്ചുകള്‍, മലകളും കയറ്റിറക്കങ്ങളുമുള്ള ഭൂപ്രദേശങ്ങള്‍, ക്ഷേത്രങ്ങള്‍, ആകര്‍ഷകമായ നൈറ്റ് ലൈഫ് തുടങ്ങിയവയാണ് തായ്‌ലന്‍ഡിന്റെ പ്രത്യേകത. പഴങ്ങളുടെ പറുദീസയെന്ന് ഈ രാജ്യത്തെ വിളിക്കാം. ചെന്നിറങ്ങിയ ശേഷം വീസ ലഭ്യമാകുന്ന വീസ ഓണ്‍ അറൈവല്‍ മറ്റൊരു സൗകര്യമാണ്. താമസത്തിനും ഭക്ഷണത്തിനും മിതമായ ചെലവു മാത്രമാണ് വരുന്നത്. ധാരാളം സഞ്ചാരികളെത്തുന്ന സ്ഥലമായതിനാല്‍ ടൂറിസം ആ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയായിരിക്കുന്നു.

ലാവോസ്

മലയാളികള്‍ക്കു ലാവോസ് എന്ന സ്ഥലം അടുത്തയിടെ ഏറ്റവും പരിചിതമായത് മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ വീഴ്ചയോടെയാണ്. തിരക്കു നിറഞ്ഞ ജീവിതം നയിക്കുന്നവര്‍ക്ക് ശാന്തതയും സൗമ്യതയും ഏറ്റവും അടുത്തറിയാന്‍ പറ്റുന്ന ലൊക്കേഷന്‍ എന്ന നിലയിലാണ് ലോകമൊട്ടുക്ക് ലാവോസിനെ പരിചയപ്പെടുത്തുന്നതു തന്നെ. ഇവിടെ വളരെ വേഗത കുറഞ്ഞ ജീവിതം നയിക്കുന്ന മനുഷ്യരാണുള്ളത്. മലനിരകളും കാടുകളുമാണ് ലാവോസിന്റെ സൗന്ദര്യമെന്നു പറയാം. വീസ ഓണ്‍ ആറൈവല്‍ ഇവിടെയും ലഭ്യമാണ്. ഭക്ഷണം വളരെ വൈവിധ്യമുള്ളതാണ്.

ഭൂട്ടാന്‍

ബുദ്ധ മതത്തിന്റെ ധാരാളം ശേഷിപ്പുകള്‍ നിറഞ്ഞ രാജ്യമാണ് ഭൂട്ടാനും. ഇന്ത്യക്കാര്‍ക്ക് വീസയോ മറ്റു പ്രവേശന നടപടികളോ ഇവിടെയും ആവശ്യമില്ല. തിമ്ഫു, പാരോ പോലെയുള്ള സ്ഥലങ്ങള്‍ക്ക് മൊത്തത്തില്‍ ഒരു ആത്മീയതയുടെ പരിവേഷമാണുള്ളത്. വളരെ പ്രശാന്തമായ അന്തരീക്ഷവും രുചിപ്രദമായ ഭക്ഷണവും വ്യത്യസ്തമായ യാത്രാനുഭവവുമാണ് ഭൂട്ടാനു നല്‍കാനുള്ളത്.

ഇന്തോനേഷ്യ

അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയാണ് ഇന്തോനേഷ്യയുടെ മുഖമുദ്ര. ബാലി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നുമാണ്. യാത്രയ്ക്ക് മുമ്പായി കുറച്ചു സമയമിട്ട് ബുക്ക് ചെയ്താല്‍ വിമാനടിക്കറ്റുകളും വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്ന മെച്ചവുമുണ്ട്. വിശാലമായ നെല്‍പ്പാടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പുരാതനമായ ആരാധനാലയങ്ങള്‍, വെയിലുറങ്ങുന്ന ബീച്ചുകള്‍ ഒക്കെ ഇന്തോനേഷ്യയുടെ ആകര്‍ഷണങ്ങളില്‍ പ്രധാനമാണ്. രാജ്യത്തിനകത്തെ യാത്രാച്ചെലവും ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ.

അര്‍മേനിയ

മലനിരകളുടെ നാടെന്ന് അര്‍മേനിയയെ നിസംശയം വിളിക്കാം. ധാരാളം ആശ്രമങ്ങളും അവ പകരുന്ന ആത്മീയാന്തരീക്ഷവും ഈ നാടിന്റെ പ്രത്യേകതയാണ്. വിമാന ടിക്കറ്റിനായാലും ഭക്ഷണത്തിനോ താമസത്തിനോ ആയാലും ചെലവ് ഓരോരുത്തരും മനസു വയ്ക്കുന്നതനുസരിച്ച് കുറവു വരുത്താന്‍ സാധിക്കും. രാജ്യത്തിനകത്തെ യാത്രയും നാട്ടുകാരുടെ മനോഭാവവുമെല്ലാം വളരെ ആകര്‍ഷകമാണ്.

കംബോഡിയ

തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും വിനോദസഞ്ചാര സൗഹൃദപരമായ ഇടപെടലുകളുള്ള രാജ്യമെന്നു കംബോഡിയയെ കരുതുന്നവര്‍ ധാരാളമുണ്ട്. ചരിത്രപരമായ കാഴ്ചകള്‍ ധാരാളമായതിനാല്‍ അത്തരത്തില്‍ താല്‍പര്യമുള്ളവരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണിത്. ഫനോം പെന്‍, സീയം റീപ്പ് പോലെയുള്ള നഗരയാത്രകള്‍ താരതമ്യേന ചെലവു കുറവുള്ളതാണ്. താമസത്തിനും ഗതാഗതത്തിനും ഏറെ സൗകര്യമുണ്ടെന്നു മാത്രമല്ല ഭക്ഷണം വളരെ ഹൃദ്യവുമാണ്.