ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അടുത്തയാഴ്ചയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളിലായിരിക്കും സ്റ്റാമര്‍ ഇന്ത്യയിലുണ്ടാകുക. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ദിവസമായിരിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. മുംബൈയിലായിരിക്കും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. എട്ടാം തീയതി മുംബൈയില്‍ തന്നെ വ്യവസായ, വാണിജ്യ മേഖലയിലെ പ്രമുഖരുമായും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു കൂടിക്കാഴ്ചയുണ്ട്. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരുമായും ചര്‍ച്ചകള്‍ ഉദ്ദേശിച്ചിരിക്കുന്നു. ഇപ്പോള്‍ പാതിവഴിയിലെത്തി നില്ക്കുന്ന ഇന്ത്യ-ബ്രിട്ടീഷ് വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചകളും പ്രധാനമന്ത്രി മോദിയുമായി മുംബൈയില്‍ നടത്തുമെന്നാണ് അറിയുന്നത്. മുംബൈയില്‍ നടക്കുന്ന ഫിന്‍ടെക്ക് ഫെസ്റ്റിലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനു ശേഷമുള്ള സ്റ്റാമറുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അടുത്തയാഴ്ച ഇന്ത്യയില്‍, വ്യാപാര കരാര്‍ ചര്‍ച്ചയാകും

