ഇഷ്ടപ്പെട്ടു പോയ പാനീയങ്ങള്‍ യുകെയിലെ കുട്ടിക്കള്‍ക്ക് ഇനി കിട്ടാക്കനിയാകുമോ

ലണ്ടന്‍: റെഡ്ബുള്‍, മോണ്‍സ്റ്റര്‍ തുടങ്ങിയ ഉയര്‍ന്നയളവില്‍ കഫീനും പഞ്ചസാരയുമടങ്ങിയ ‘ഊര്‍ജ്ജപാനീയങ്ങള്‍’ വാങ്ങുന്നതില്‍നിന്ന് പതിനാറു വയസ്സില്‍ത്താഴെയുള്ള കുട്ടികളെ വിലക്കാനൊരുങ്ങി യുകെ സര്‍ക്കാര്‍. കുട്ടികളില്‍ വര്‍ദ്ധിതമായ അളവുകളില്‍ കാണപ്പെട്ടുതുടങ്ങുന്ന അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം മുതല്‍ ഉറക്കമില്ലായ്മയും പല്ലുകള്‍ക്കുണ്ടാകുന്ന നാശവും പഠനത്തിലെ ശ്രദ്ധക്കുറവും വരെ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ഈ നീക്കം. ഇതേപ്പറ്റി ആരോഗ്യവിദഗ്ദ്ധരും അദ്ധ്യാപകരും ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും പണ്ടേ മുന്നറിയിപ്പു നല്‍കിയിരുന്നു. അക്കൂട്ടരെല്ലാം പുതിയ നടപടിക്കു സ്വാഗതമേകാന്‍ കാത്തിരിക്കുകയാണിപ്പോള്‍. ഇത്തരം പാനീയങ്ങള്‍ കുട്ടികള്‍ക്കുള്ളതല്ലെന്നും അവ സ്ഥിരമായി കുടിക്കുന്നതുമൂലം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്നുമാണ് അവരുടെ പക്ഷം.
പതിനാറുവയസ്സില്‍ത്താഴെ പ്രായമുള്ളവര്‍ക്ക് ഇത്തരം പാനീയങ്ങള്‍ പല വലിയ സൂപ്പര്‍മാര്‍ക്കറ്റുകളും നേരത്തേതന്നെ നിര്‍ത്തിയിരുന്നെങ്കിലും, നിയമപരമായ തടസ്സമില്ലാത്തതിനാല്‍ വെന്‍ഡിങ്ങ് മെഷീനുകളിലും ചെറിയ കടകളിലും ഇവ കുട്ടികള്‍ക്ക് ആവശ്യാനുസരണം ലഭിച്ചിരുന്നു. വരാന്‍പോകുന്ന നിരോധനം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
150 മില്ലിഗ്രാമിലധികം കഫീനടങ്ങിയ ഈ പാനീയങ്ങള്‍ കുട്ടികള്‍ക്കുള്ളതല്ലെന്ന് അവയുടെ പുറത്തുതന്നെ എഴുതിയിട്ടുണ്ടെങ്കിലും, യുകെയിലെ പതിമൂന്നിനും പതിനാറിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്നുപേരും ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതായാണു കണക്ക്. ആകര്‍ഷകമായ പാക്കിങ്ങും രസകരമായ മണവും രുചിയുമുള്ള ഇവ കുട്ടികളെ പെട്ടെന്നു വീഴ്ത്തുമെങ്കില്‍, ഇവയിലുള്ള കഫീനും പഞ്ചസാരയും അവരെ ജീവിതശൈലീരോഗങ്ങള്‍ക്ക് അടിമകളാക്കുന്നു. സ്വീഡന്‍പോലുള്ള മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ പണ്ടേ നിരോധിച്ച ഇത്തരം പാനീയങ്ങള്‍ യുകെയിലും നിരോധിക്കുന്നത് കാത്തിരിക്കുകയാണ് രക്ഷിതാക്കളും അദ്ധ്യാപകരും.