ബ്രിസ്ബേന്‍: തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്‍ഡില്‍ അതിശക്തമായ പേമാരിയും കനത്ത ആലിപ്പഴം വീഴ്ചയും. ഇടിവെട്ടിപ്പെയ്ത മഴയ്ക്കൊപ്പം വീണ ആലിപ്പഴങ്ങള്‍ അഞ്ചു സെന്റിമീറ്റര്‍ വരെ വലുപ്പമുള്ളതും കല്ലുപോലെ ദൃഢവുമായിരുന്നു. ഇതിനൊപ്പം മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റും വീശിയടിച്ചു.
ബ്രിസ്ബേന്‍, മോര്‍ട്ടന്‍ ബേ, റെഡ്ലാന്ഡ്സ്, ലോഗന്, സണ്‍ഷൈന്‍ കോസ്റ്റ്, നൂസ, തെക്കന്‍ ബര്‍ണറ്റ്, ഗോള്‍ഡ് കോസ്റ്റ് എന്നിവിടങ്ങളില്‍ കനത്ത കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നതാണ്. ഇന്നലെ വൈകുന്നരം നാലേമുക്കാലോടെയാണ് ബ്രിസ്ബേന്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ആലിപ്പഴം പെയ്ത്ത് ആരംഭിക്കുന്നത്. കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകളനുസരിച്ച് അര്‍ച്ചര്‍ ഫീല്‍ഡ് വിമാനത്താവളം പ്രദേശത്താണ് ഏറ്റവും ശക്തമായ കാറ്റുവീശിയത്. കാറ്റില്‍ മരങ്ങള്‍ വീണും മറ്റും വൈദ്യുതി മുടങ്ങിയതോടെ 65000 ഭവനങ്ങളാണ് ക്ലേശിച്ചതെന്ന് എനര്ജക്സ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആറിയിച്ചു. എര്‍ഗോണ്‍ എനര്‍ജിയുടെ കണക്കുകളില്‍ നാലായിരം സ്ഥലത്താണ് വൈദ്യുതി കേബിളുകള്‍ പൊട്ടിവീണതും തകരാറിലായതും. തൂവൂംബയില് ഒരു വ്യവസായശാലയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു നിലംപതിച്ചു, ഒരു വീടിന്റെ മേല്‍ക്കൂരയ്ക്കും തകരാര്‍ സംഭവിച്ചു.
കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ബ്രിസ്ബേന്റെ ഇന്നര്‍ സിറ്റിയുടെ സമീപപ്രദേശമായ വൂള്ളൂങ്ഗാബയില് വള്‍ച്ചര്‍ സ്ട്രീറ്റും ലെപ്പേര്‍ഡ് സ്ട്രീറ്റും ഗതാഗതം തടഞ്ഞ് അടച്ചിട്ടിരിക്കുകയാണ്. ക്വീന്‍സ്ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വടക്കന്‍ ബ്രിസ്്ബേനിലും മഴയ്ക്കും കാറ്റിനുമുള്ള കാലാവസ്ഥാ പ്രവചനമുണ്ട്.

