വിക്‌സിത് ഭാരത് കൂട്ടയോട്ടം നാളെ ബ്രിസ്‌ബേനില്‍, പ്രതീക്ഷിക്കുന്നത് വന്‍ ജനപങ്കാളിത്തം

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റണ്‍ ഫോര്‍ വിക്‌സിത് ഭാരത് 2025 കൂട്ടയോട്ടത്തിന് നാളെ ബ്രിസ്‌ബേന്‍ ആതിഥ്യം വഹിക്കും. സ്വയം പര്യാപ്ത ഭാവിക്കായുള്ള ഇന്ത്യന്‍ ദര്‍ശനം ലോക രാജ്യങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യയിലെ സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രാലയമാണ് റണ്‍ ഫോര്‍ വിക്‌സിത് ഭാരത് 2025 പ്രമുഖ ലോക നഗരങ്ങളില്‍ സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ബ്രിസ്‌ബേന്‍ മാത്രമായിരിക്കും കൂട്ടയോട്ടത്തിനു വേദിയാകുക. രാവിലെ ഏഴരയ്ക്ക് സൗത്ത് ബാങ്കിലെ ബ്രിസ്‌ബേന്‍ സൈനില്‍ നിന്ന് ആരംഭിക്കുന്ന ഓട്ടം കംഗാരു പോയിന്റ് ക്ലിഫില്‍ സമാപിക്കും.
ലണ്ടന്‍, പാരിസ്, ന്യൂയോര്‍ക്ക് എന്നിങ്ങനെ ലോകത്തിലെ 125 പ്രമുഖ നഗരങ്ങളാണ് ഈ പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്വദേശി മുന്‍ഗണന, സാമൂഹ്യ സേവനം, പരിസ്ഥിതി സുരക്ഷ, യുവജന പങ്കാളിത്തത്തോടെയുള്ള വികസനം, പ്രവാസി സമൂഹങ്ങളുടെ ശക്തിപ്പെടുത്തല്‍ എന്നിവയാണ് കൂട്ടയോട്ടത്തിലൂടെ തദ്ദേശ സമൂഹങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്ര സേവനത്തിനായി ഓടുക എന്നതാണ് ഇതിന്റെ തീം ആയി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ക്കു പുറമെ ഓരോ പ്രദേശത്തുമുള്ള തദ്ദേശ ജനവിഭാഗങ്ങള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, കുടുംബങ്ങള്‍ എന്നിവരൊക്കെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.