കോഴിക്കോട്: അശാസ്ത്രീയമായ ചികിത്സ ഒരു ജീവന് കൂടിയെടുത്തതായി പരാതി. കോഴിക്കോടു നിന്നാണ് അര്‍ബുദബാധയേറ്റ യുവതിയെ ഇക്കാര്യം അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ നടത്തി മരണത്തിലേക്കു തള്ളിവിട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറയുടെ മരണവുമായി ബന്ധപ്പെട്ടാണിപ്പോള്‍ പരാതി.
ശരീര വേദനയെത്തുടര്‍ന്ന് ഇവര്‍ കുറേക്കാലമായി കുറ്റ്യാടിയിലെ ഒരു അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഒരു വനിതാ അക്യുപങ്ചറിസ്റ്റാണ് ചികിത്സ നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ രോഗം സ്തനാര്ബുദമായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും ചികിത്സക ആധുനിക ചികിത്സയാണ് വേണ്ടതെന്നു പറഞ്ഞ് ഇവരെ മടക്കി അയച്ചില്ല. പകരം രോഗിയെ അര്‍ബുദത്തിന്റെ കാര്യം അറിയിക്കാതെ ചികിത്സ തുടരുകയായിരുന്നു. രോഗബാധയേറ്റ ഭാഗത്തു നിന്ന് പഴുപ്പ് പൊട്ടിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ പോലും ഇവര്‍ ചികിത്സാ സമ്പ്രദായം മാറണമെന്ന് ഉപദേശിച്ചില്ല, പകരം എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചറിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. പച്ചവെള്ളവും നാല് അത്തിപ്പഴവും മാത്രം ഒരു ദിവസത്തെ ഭക്ഷണമായി നല്‍കിയുള്ള ചികിത്സയായിരുന്നു അവിടെ.
ഒടുവില്‍ ആറുമാസം മുമ്പ് രോഗശമനം കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അര്‍ബുദമാണ് രോഗമെന്ന വിവരം അറിയുന്നത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം രോഗി മരിക്കുകയും ചെയ്തു.
രോഗം അര്‍ബുദമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. മരണത്തെ തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
സ്തനാര്‍ബുദ രോഗിയോട് അത്തിപ്പഴം കൊണ്ടൊരു അക്യുപങ്ചര്‍ ക്രൂരത
