ബ്രിസ്ബേന്‍: ഓസ്ട്രേലിയയിലെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ആഘോഷമായ പുസ്തക വാരം. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക, പുസ്തകങ്ങളെ സ്നേഹിക്കുന്നവരായി കുട്ടികളെ മാറ്റുക, എഴുതാനുള്ള പ്രേരണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടിയാണ് പുസ്തക വാരം. 1945 മുതല്‍ മുടക്കം കൂടാതെ നടത്തിപ്പോരുന്ന പരിപാടിയാണിത്. ചില്‍ഡ്രന്‍സ് ബുക്ക് കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയ ആണ് ഈ പരിപാടിക്കു തുടക്കം കുറിക്കുന്നത്.
വാരാഘോഷത്തിന്റെ ഭാഗമായി തങ്ങള്‍ വായിച്ച പുസ്തകത്തിലെ ഇഷ്ട കഥാപാത്രത്തിന്റെ വേഷം ധരിച്ചാണ് പല വിദ്യാര്‍ഥികളും സ്കൂളുകളിലെത്തിയത്. ഓസ്ട്രേലിയന്‍ ബാല സാഹിത്യത്തിലെ പോസം മാജിക് പോലുള്ള പുസ്തകങ്ങളിലെ കഥാപാത്രങ്ങളായി വേഷമണിഞ്ഞ് എത്തിയവരുമുണ്ടായിരുന്നു. ചില വിദ്യാലയങ്ങളിലാകട്ടെ അധ്യാപകരും പ്രധാനാധ്യപകരും വരെ ഇത്തരം വേഷങ്ങളില്‍ എത്തി കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സ്കൂളുകള്‍ പല വിധത്തിലുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ കുട്ടികളും ദിവസം ഒരു കഥയെങ്കിലും ഏതെങ്കിലും പുസ്തകത്തില്‍ വായിച്ചിരിക്കണമെന്നു നിര്‍ബന്ധം വയ്ക്കുന്ന സ്കൂളുകള്‍ പോലുമുണ്ട്.
കഥകളിലെ കൂട്ടുകാരായി വേഷം ധരിച്ച് കുട്ടികള്‍, പുസ്തകവാരം ശ്രദ്ധേയം
