വീട്ടിനുള്ളില്‍ ബോംബ് പൊട്ടി, നിര്‍മാണം പിഴച്ചതോ, മരണം ഉറപ്പ്, എത്രയെന്നറിയില്ല

കണ്ണൂര്‍: കണ്ണൂരിനടുത്ത് കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ അത്യൂഗ്ര ബോംബ് സ്‌ഫോടനം. ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു കരുതപ്പെടുന്നു. അനൂപ് എന്നൊരാള്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ബോംബ് നിര്‍മാണവും അത്യാഹിതവുമുണ്ടായതെന്നു കരുതപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സ്‌ഫോടനത്തില്‍ വീടു പൂര്‍ണമായി തകര്‍ന്നു. സമീപത്തുള്ള പല വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒരാളെങ്കിലും കൊല്ലപ്പട്ടതായി സംശയിക്കുന്നു. പോലീസും ബോംബ് സ്‌ക്വാഡും വീടു പൂര്‍ണമായും ഏറ്റെടുത്തിരിക്കുകയാണ്. പൊട്ടാത്ത സ്‌ഫോടക വസ്തുക്കളും സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ബോംബ് നിര്‍മാണമായിരുന്നു ഈ വീട്ടില്‍ നടന്നിരുന്നതെന്നു സംശയിക്കുന്നത്.
രണ്ടു പേരാണ് ഈ വീട്ടില്‍ വന്നു പോയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ മാത്രമേ ഇവര്‍ വരുമായിരുന്നുള്ളൂ. പുലര്‍ച്ചെയോടെ മടങ്ങുകയും ചെയ്യും. അതിനാല്‍ അവരുമായി നാട്ടുകാര്‍ക്ക് സമ്പര്‍ക്കമൊന്നുമില്ല. അതുകൊണ്ടു തന്നെ എത്രപേര്‍ മരിച്ചുവെന്നോ എന്തൊക്കെ നാശനഷ്ടമുണ്ടായെന്നോ കൃത്യമായ വിവരങ്ങള്‍ ആര്‍ക്കുമില്ല. പോലീസ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടുമില്ല.