ആഗ്ഹം പൂവണിയുമോ, എന്തിനു ബിജെപി ഒമ്പത് മണ്ഡലങ്ങളെ ഒഴിവാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയില്‍ ഇപ്പോള്‍ കൊണ്ടുപിടിച്ച ആലോചന നടക്കുന്നത് ഏതാനും നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണെന്നറിയുന്നു. വെറുതെ ഒറ്റപ്പെട്ട അഭിപ്രായങ്ങളെന്നതിനപ്പുറം ദേശീയ നേതൃത്വത്തിന്റെ കൂടെ അറിവോടെയാണ് പൊരുതി നേടാനാവാത്ത വിജയം പിന്‍വാങ്ങി നേടാനുള്ള ആലോചന പുരോഗമിക്കുന്നത്.
ഇതുവഴി രണ്ടു മെച്ചമാണെന്ന അഭിപ്രായം ശക്തി പ്രാപിച്ചിട്ടുണ്ട്. ബിജെപിയുടെ പിന്‍മാറ്റം വഴി ആര്‍ക്കാണോ മെച്ചമുണ്ടാകുക അവരുടെ സഹായം എണ്ണം പറഞ്ഞ മണ്ഡലങ്ങളില്‍ തിരിച്ചു ചോദിക്കുക. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും പോകണമല്ലോയെന്ന ന്യായം പറയുകയും ചെയ്യുക. സംസ്ഥാനത്തെ മൊത്തം മണ്ഡലങ്ങളില്‍ നാലിലൊന്നോണം എ ക്ലാസ് മണ്ഡലങ്ങളായി ബിജെപി വിലയിരുത്തിയരിക്കുന്ന സാഹചര്യത്തിലാണ് ഈ ചിന്തയ്ക്കു പ്രാധാന്യം കിട്ടുന്നത്. പാര്‍ട്ടിയോ മുന്നണിയോ ഭേദമില്ലാതെ പരസ്പര സഹായ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ വോട്ടു കച്ചവടം നടത്തിയെന്ന ആരോപണം ഒഴിവാക്കുകയും ചെയ്യാം. അതു തന്നെ പാര്‍ട്ടികളുടെയോ മുന്നണികളുടെയോ വോട്ടുകളെക്കാള്‍ പ്രയോജനം കിട്ടുന്ന നേതാക്കളുടെ വ്യക്തിപരമായ സ്വാധീനവലയത്തിലുള്ള വോട്ടുകളിലാണ് കണ്ണ്.
നിലവില്‍ സ്ഥാനാര്‍ഥിയെ ഒഴിവാക്കാനുള്ള ആലോചന നടക്കുന്നത് ഒമ്പതു മണ്ഡലങ്ങളിലാണെന്നറിയുന്നു. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ്, ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടും അമ്പലപ്പുഴയും, എറണാകുളം ജില്ലയില്‍ കളമശേരിയും പറവൂരും തൃപ്പൂണിത്തുറയും, കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പും ധര്‍മടവും എന്നിവയാണ് ഈ ഒമ്പതു മണ്ഡലങ്ങള്‍. ആര്‍എസ്എസിന്റെ കൂടെ താല്‍പര്യപ്രകാരമാണ് ഈ നീക്കം നടക്കുന്നതെന്നാണ് ഇതുവരെയുള്ള അറിവ്. കടുത്ത ആര്‍എസ്എസ് വിരോധം സൂക്ഷിക്കുകയും അതു തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇതരപാര്‍ട്ടി നേതാക്കളുടെ മണ്ഡലങ്ങളാണിവ. എന്നാല്‍ പണ്ടു മുതലേ ബിജെപിയുടെ തലയില്‍ ചേര്‍ത്തു വയ്ക്കുന്ന വോട്ടു കച്ചവടമെന്ന ആരോപണം ഈ തീരുമാനം നടപ്പാക്കിയാല്‍ പഴയതിനെക്കാള്‍ ശക്തമാകുമോയെന്ന ആശങ്ക നേതാക്കന്‍മാരില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്.