ക്രൈസ്തവ വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ പലരീതിയില്‍ ബിജെപി പരിശ്രമിക്കുകയും അത്തരം ശ്രമങ്ങള്‍ക്കു ചില ക്രൈസ്തവ സഭാധ്യക്ഷന്‍മാരില്‍ നിന്ന് അനുകൂല പ്രതികരണങ്ങളുണ്ടാകുകയും ചെയ്യുമ്പോള്‍ ബിജെപിക്കെതിരേ കടുത്ത പ്രതികരണവുമായി കത്തോലിക്കാസഭയുടെ മുഖപത്രമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തില്‍ ഇരട്ടത്താപ്പെന്നാണ് ദീപികയുടെ പ്രധാന ആരോപണം. രാജ്യത്തെ ക്രൈസ്തവ പീഢനങ്ങളോട് മുഖംതിരിച്ചുകൊണ്ടാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് ദീപിക വിമര്‍ശനമുന്നയിക്കുന്നു.
ഗോവയിലും കേരളത്തിലും ക്രൈസ്തവരോടൊപ്പമാണ് എന്ന രീതിയില്‍ പ്രതീതി ജനിപ്പിക്കുന്ന ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കിരാത മതപരിവര്‍ത്തന നിയമം കൊണ്ടുവരുന്നത് ക്രൈസ്തവ വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നവെന്നാണ് പല സംസ്ഥാനങ്ങളിലും ബിജെപി എംഎല്‍എമാര്‍ ആരോപിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിലവില്‍ തന്നെ നിയമങ്ങള്‍ പലതുണ്ട്. ആറുമാസത്തിനകം അനധികൃത പള്ളികള്‍ പൊളിച്ചുമാറ്റുമെന്നാണ് മഹാരാഷ്ട്ര റവന്യൂമന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞത്. അനധികൃതമായി പള്ളികള്‍ നിര്‍മിക്കുക എന്നത് കത്തോലിക്ക സഭയുടെ അജന്‍ഡയിലുള്ള പ്രവൃത്തിയല്ല.
ബിജെപി ഭരണത്തിലെത്തിയ2014 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ 4316 അക്രമസംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരേയുണ്ടായിട്ടുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 834 അക്രമസംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ല്‍ വെറും 127 അക്രമസംഭവങ്ങളുണ്ടായിരുന്നതില്‍ നിന്നാണ് ഇത്രയും വര്‍ധനയുണ്ടായിരിക്കുന്നതെന്ന് ദീപികയുടെ മുഖപ്രസംഗം ആരോപിക്കുന്നു.
ബിജെപിക്ക് ഇരട്ടത്താപ്പ്: ദീപികയില്‍ രൂക്ഷ വിമര്‍ശനം
