കുഞ്ഞുങ്ങള്‍ വേണ്ടെന്ന്, അഥവാ ആയാലും കുറേ കഴിഞ്ഞു മതിയെന്ന്, പുതിയ പഠനം

ഓസ്‌ട്രേലിയയില്‍ ശിശു ജനനതോത് അപായകരമായ വിധത്തില്‍ പിന്നോട്ടു പോകുന്നതായി പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ഗര്‍ഭധാരണ നിരക്ക് ഇതുവരെയുണ്ടായിരുന്നതിനെക്കാള്‍ വളരെയധികം പിന്നോട്ടു പോയിരിക്കുന്നതായി പഠനം തെളിയിക്കുന്നു. ഓസ്‌ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനമനുസരിച്ച് 2024ല്‍ ആളോഹരി വനിതാ ഗര്‍ഭധാരണ നിരക്ക് വെറും 1.48 മാത്രമാണിപ്പോള്‍. തൊട്ടു തലേ വര്‍ഷത്തെ ഗര്‍ഭധാരണ നിരക്കിനെക്കാളും താഴെയാണിത്.

എന്നു മാത്രമല്ല ഗര്‍ഭധാരണ പ്രായം അസാധാരണമായ വിധത്തില്‍ ഉയരുകയുമാണിപ്പോള്‍. ഇതു സമൂഹത്തിലാകെ പുതിയൊരു ട്രെന്‍ഡായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഉറപ്പുള്ള ജോലി ലഭിക്കുന്നതിന്റെയുമൊക്കെ സൗകര്യം നോക്കുന്നതു മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സ്ത്രീകള്‍ കന്നിപ്രസവത്തിനു തയാറാകുന്ന ശരാശരി പ്രായം 32.1 വയസാണ്. പുരുഷന്‍മാരില്‍ ആദ്യ ശിശുവിന്റെ അച്ഛനാകുന്ന ശരാശരി പ്രായം 33.9 വയസുമാണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് സ്ത്രീകളുടെ മേല്‍പ്പറഞ്ഞ ശരാശരി പ്രായം 1.2 വര്‍ഷവും പുരുഷന്‍മാരുടേത് 0.9 വര്‍ഷവുമാണ് ഉയര്‍ന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക ലിസ് അല്ലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.

1970 മുതല്‍ ഓസ്‌ട്രേലിയയില്‍ ഗര്‍ഭധാരണ നിരക്ക് കുറയുകയാണെങ്കിലും ഇത്രയും വലിയ തോതില്‍ പിന്നോക്കം പോകുന്നത് ആദ്യമായാണെന്ന് ലിസ് അല്ലന്‍ പറയുന്നു. നഗര പ്രദേശങ്ങളിലെക്കാള്‍ ഉള്‍പ്രദേശങ്ങളില്‍ ഗര്‍ഭധാരണ നിരക്ക് ഇപ്പോഴും താരതമ്യേന മെച്ചപ്പെട്ട നിരക്കില്‍ തന്നെയാണുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. ഒരു കുഞ്ഞിനെയെങ്കിലും പോറ്റുന്നത് തങ്ങള്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നു തുറന്നു പറയുകയാണ് നഗര മേഖലകളിലെ സ്ത്രീകളെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി മരണനിരക്കിനൊപ്പം നില്‍ക്കുന്ന ജനന നിരക്കു പോലും നിലനിര്‍ത്താന്‍ രാജ്യത്തിനാവുന്നില്ലെന്നു ലിസ് വ്യക്തമാക്കുന്നു.