ബിനോയ് വിശ്വം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

അലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനമാണ് നിലവില്‍ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു ടേമിലേക്കു കൂടി തിരഞ്ഞെടുത്തിരിക്കുന്നത്. 2023 ഡിസംബറില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കേ മരിച്ചു പോയതിനെ തുടര്‍ന്നാണ് ഇടക്കാല സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ചുമതല ഏല്‍പിച്ചിരുന്നത്. ഈ സമ്മേളനത്തോടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി ഇദ്ദേഹം മാറി. കെ പ്രകാശ് ബാബുവിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹം വ്യക്തിപരമായി അതില്‍ താല്‍പര്യമെടുക്കാതിരുന്നതോടെ ബിനോയിയുടെ പേര് ഐകകണ്ഠ്യന തീരുമാനിക്കുകയായിരുന്നു എന്നറിയുന്നു.
കാനം രാജേന്ദ്രന്‍ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പ് വളരെ ശക്തമായിരുന്നെങ്കിലും എല്ലാവരെയും ചേര്‍ത്തുകൊണ്ടു പോകുന്ന നിലപാടിലേക്ക് ബിനോയ് വിശ്വം മാറിയതോടെ ആ ഗ്രൂപ്പ് തന്നെ നിര്‍ജീവമായി മാറുകയായിരുന്നു. അങ്ങനെയാണ് എതിര്‍വാക്കൊന്നുമില്ലാതെ ബിനോയിയുടെ സ്ഥാനാരോഹണം ഉറപ്പായത്. അങ്ങനെ കേരളത്തിലെ രണ്ടാമത്തെ പ്രബല കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബിനോയി വര്‍ധിച്ച ആത്മവിശ്വാസത്തോടെ സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു.