വെറുതേ പാട്ടുംപാടി പോകാന്‍ ബിഗ്‌ബോസിനും പറ്റില്ല, വരുന്നുണ്ട് നിയമക്കുരുക്ക്

മുംബൈ: ഇന്ത്യന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ ഏറ്റവും ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്തു വരുന്ന ബിഗ്‌ബോസ് നിയമക്കുരുക്കിലേക്ക്. സല്‍മാന്‍ ഖാന്‍ ആതിഥേയനായി വരുന്ന ബിഗ്‌ബോസ് സീസണ്‍ 19നെതിരേ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഫോണോഗ്രാഫിക് പെര്‍ഫോര്‍മന്‍സ് ലിമിറ്റഡ് എന്ന കമ്പനി. ഇവര്‍ക്ക് ഉടമസ്ഥാവകാശമുള്ള ബോളിവുഡിലെ രണ്ടു ഗാനങ്ങള്‍ അനുമതി കൂടാതെ ബിഗ്‌ബോസില്‍ ഉപയോഗിച്ചു എന്നാണ് ആരോപണം.അഗ്നീപഥ് എന്ന ചിത്രത്തില്‍ നടി കത്രീന കൈഫ് അവതരിപ്പിച്ച ചിക്‌നി ചമേലി എന്ന ഗാനവും ഗോരി തേരേ പ്യാര്‍ മേം എന്ന ഗാനവുമാണ് അനധികൃതമായി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നത്. ഈ മാസം പത്തൊമ്പതിന് സംപ്രേഷണം ചെയ്ത പതിനൊന്നാം എപ്പിസോഡിലാണ് ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ബിഗ്‌ബോസിന്റെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഡമോള്‍ ഷൈനോ പരിപാടി സംപ്രേഷണം ചെയ്യുന്ന ജിയോ ഹോട്ട്‌സ്റ്റാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്ദിയിലാണ് യഥാര്‍ഥ ബിഗ് ബോസ് പരിപാടിയെങ്കിലും മലയാളം, തമിഴ്, കന്നഡ, ബംഗാളി, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലും ബിഗ്‌ബോസിന്റെ വ്യത്യസ്ത എഡിഷനുകള്‍ അവതരിപ്പിച്ചു പോരുന്നു. മലയാളത്തില്‍ മഹാനടന്‍ മോഹന്‍ലാലാണ് ആതിഥേയന്‍.