നികുതി വെട്ടിച്ചു കടത്തിയ ഭൂട്ടാന്‍ വണ്ടികളില്‍ രണ്ടെണ്ണം ദുല്‍ഖറില്‍ നിന്നു പിടിച്ചു

കൊച്ചി: ഭൂട്ടാനില്‍ നിന്നു നികുതി വെട്ടിച്ച് കേരളത്തില്‍ ആഡംബര കാറുകള്‍ വിറ്റഴിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ സിനിമ താരവും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ നിന്നു രണ്ടു കാറുകള്‍ പിടിച്ചെടുത്തു. ഇതു കൂടാതെ കോഴിക്കോട് മലപ്പുറം ജില്ലകളിലും വ്യാപകമായി റെയ്ഡ് നടന്നു. രണ്ടു ജില്ലകളില്‍ നിന്നുമായി പതിനൊന്ന് മറ്റു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തു നിന്നാകെ പിടിച്ചത് 36 കാറുകള്‍. പിടിച്ചെടുത്ത കാറുകള്‍ക്കു പുറമെ ഇത്തരത്തിലുള്ള മറ്റുകാറുകള്‍ കൈവശത്തിലുണ്ടെങ്കില്‍ അവ സറണ്ടര്‍ ചെയ്യാന്‍ ദുല്‍ഖറിനു നോട്ടീസ് നല്‍കിയിട്ടുമുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഏരിയയിലാണ് സൂക്ഷിക്കുക. ഓപ്പറേഷന്‍ നുംഖോര്‍ എന്നു പേരിട്ടിരിക്കുന്ന അന്വേഷണമാണ് ഭൂട്ടാന്‍ വാഹനങ്ങള്‍ക്കായി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുപതിലധികം നികുതി വെട്ടിച്ച വാഹനങ്ങള്‍ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.