കൊച്ചി: നടി ഭാവനയ്ക്ക് അമ്മയോ അമ്മയുടെ തിരഞ്ഞെടുപ്പോ പ്രശ്‌നമല്ല, ഭാവന പറയുന്നു, താനിപ്പോള്‍ അമ്മയുടെ ഭാഗമല്ല, അതുകൊണ്ട് അമ്മയുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ വന്നതില്‍ പ്രതികരിക്കാനുമില്ല. പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയുക പോലുമില്ലെന്ന ഭാവനയുടെ പ്രതികരണത്തില്‍ പക്ഷേ, നീരസം ഒളിഞ്ഞിരിപ്പുണ്ടെന്നു വ്യക്തം. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ചും സംസാരിക്കാമെന്ന നിലപാടിലും മുഴച്ചു നില്‍ക്കുന്നത് അതൃപ്തി തന്നെ.
ഭാവനയുടെ പ്രതികരണത്തോടുള്ള പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണവും വെറും ഭംഗിവാക്കിനപ്പുറം മഞ്ഞുരുകലിന്റെ ഒരു സൂചനയും തരുന്നതായില്ല. സംഘടനയില്‍ നിന്നു രാജിവച്ചു പോയവരെ തിരികെ കൊണ്ടുവരുന്നത് അമ്മയുടെ അടിയന്തര അജന്‍ഡയിലില്ലെന്നാണ് ശ്വേതയുടെ പ്രതികരണം. പൊതുവായ നിരീക്ഷണമെന്നതിലുപരി ഭാവനയെ മനസില്‍ കണ്ടുകൊണ്ടുള്ള പ്രതികരണമാണിതെന്നു കരുതുന്നവരുമുണ്ട്. രാജിവച്ചു പോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്ന പ്രതികരണവും കരുതിക്കൂട്ടിയുള്ളതു തന്നെയെന്ന് പലര്‍ക്കും തോന്നി. രാജിവച്ചു പോയവര്‍ തിരിച്ചുവരണമെന്നു തന്നെയാണ് തന്റേയും മറ്റ് അംഗങ്ങളുടെയും ആഗ്രഹം. പ്രസിഡന്റ് എന്ന നിലയില്‍ അതിനു മുന്‍കൈ എടുക്കുമെന്നും ശ്വേത കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിന് തല്‍ക്കാലം ഒരു ഭംഗിവാക്കെന്നതിനപ്പുറം പ്രസക്തിയുണ്ടെന്നു കരുതുന്നവര്‍ കുറയും.
അമ്മയുടെ ഭാഗമല്ലെന്ന് ഭാവന, അതില്‍ ശ്വേത മേനോന് ഒന്നും തോന്നുന്നില്ലേ
