ബീഫ് ചതിച്ചാശാനേ, പണി പൂട്ടുന്ന അവസ്ഥയില്‍ ഹോട്ടലുകള്‍

ഓക്ലഹോമ: ബീഫിന്റെ വില കൈവിട്ടുപോയാല്‍ ഹോട്ടലുകാരെന്തു ചെയ്യും. വില കൂട്ടാതെ തരമില്ല. വില കൂട്ടിയാല്‍ കഴിക്കാന്‍ ആളെത്തുമോ. തീര്‍ച്ചയായും കുറയും. പിന്നെങ്ങനെ ഭക്ഷണശാലകള്‍ നടത്തിക്കൊണ്ടു പോകും. ഈയൊരു പ്രതിസന്ധിയിലാണ് ഒക്ലഹോമയിലെ റസ്‌റ്റോറന്റുകള്‍.
ഉദാഹരണത്തിന് 117 വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ഐക്‌സ് ചിലി എന്ന റസ്‌റ്റോറന്റിന്റെ കാര്യമെടുക്കാം. കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യം മുതല്‍ നാലു വര്‍ഷം മുമ്പത്തെ കോവിഡിനെ വരെ നേരിട്ടവരാണ്. പറഞ്ഞിട്ടെന്തു കാര്യം. ആകെ കുഴമറിയിലാണിപ്പോളെന്നു പറയുന്നത് മാനേജിങ് പാര്‍ട്ണര്‍ ലെന്‍ വേഡാണ്. ബീഫിന്റെ വിലക്കയറ്റം മുതല്‍ ഏറെ കാര്യങ്ങളുണ്ട് വേഡിനു പറയാന്‍. പത്തു വര്‍ഷം മുമ്പത്തെ ബീഫിന്റെ വിലയെക്കാള്‍ 21 ശതമാനം കൂടുതലാണത്രേ ഇപ്പോഴത്തെ വില. ഈ ചെലവു മുഴുവന്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പിടലിക്കു വയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് വേഡ് വിലപിക്കുന്നു.
ഒന്നാമതെ, ട്രംപിന്റെ പരിഷ്‌കാരങ്ങള്‍ സാമ്പത്തികമായി തങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആള്‍ക്കാര്‍. അവരോടു കൂടിയ വില വേണമെന്നു പറഞ്ഞാല്‍ ഭക്ഷണം പുറത്തു നിന്നു കഴിക്കുന്നത് ഒഴിവാക്കാന്‍ മാത്രമേ നോക്കൂ. വേഡിന്റെ അവസ്ഥ മാത്രമല്ലിത്. നാട്ടിലെങ്ങുമുള്ള ചെറുകിട ഭക്ഷണശാലകളൊക്കെ നേരിടുന്ന പ്രശ്‌നമാണിതെന്നു വേഡ് പറയുന്നു.
കൂനിന്‍മേല്‍ കുരുവെന്നതു പോലെ നല്ല പണിക്കാരെ കിട്ടാത്തതിന്റെ പ്രശ്‌നവുമുണ്ടെന്ന് വേഡ് പറയുന്നു. ഉള്ളവരെ വച്ചൊക്കെ അഡ്ജസ്റ്റ് പോകുന്ന അവസ്ഥയില്‍ ലാഭം വെറും അഞ്ചു ശതമാനവും മറ്റുമേ കിട്ടുന്നുള്ളൂ. സ്ഥിതി ഇതിലും വഷളായാല്‍ ഹോട്ടല്‍ പൂട്ടി വീട്ടിലിരിക്കാനാണ് വേഡിന്റെ തീരുമാനം.